സോഷ്യല്‍ മീഡിയ കാമുകനൊപ്പം വീട്ടമ്മ ഒളിച്ചോടിയത് അഞ്ച് വയസുകാരന്‍ മകനെ പോലും ഉപേക്ഷിച്ച്, സ്വര്‍ണവും കൈക്കലാക്കി

ആലപ്പുഴ: കുട്ടിയെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മ പിടിയില്‍. മലപ്പുറം തിരൂര്‍ വെങ്ങാല്ലൂരില്‍ മുഹമ്മദ് നിസാര്‍ എന്ന 26കാരനും ഇയാളുടെ കാമുകിയായ ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശിനിയുമാണ് പൂച്ചാക്കല്‍ പോലീസിന്റെ പിടിയിലായത്. ഭര്‍ത്താവിനെയും അഞ്ച് വയസുള്ള മകനെ ഉപേക്ഷിച്ചാണ് യുവതി കാമുകന് ഒപ്പം ഒളിച്ചോടിയത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നുമാണ് ഇരുവരും പോലീസിന്റെ പിടിയില്‍ ആയത്.

കഴിഞ്ഞ ജനുവരി 27നായിരുന്നു യുവതിയെ വടുതലയിലെ വീട്ടില്‍ നിന്നും കാണാതാകുന്നത്. ഇതിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം തിരൂര്‍ സ്വദേശിയായ യുവാവിന്റെ കൂടെ പോയതായി വ്യക്തമായി. എന്നാല്‍ ഇവര്‍ പിന്നീട് ഫോണ്‍ ഓഫാക്കിയത് അന്വേഷണത്തിന് തടസമായി. ഇതോടെ ചേര്‍ത്തല ഡിവൈഎസ്പി ടിബി വിജയന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക അന്വേഷമ സംഘത്തെ നിയോഗിക്കുകയായിരുന്നു. ഈ അന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും ഇവരെ പിടികൂടുകയായിരുന്നു.

വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും എടുത്തുകൊണ്ടാണ് വീട്ടമ്മ കാമുകനൊപ്പം പോയത്. ഈ സ്വര്‍ണം വിറ്റ് കമിതാക്കല്‍ ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ ആഡംബര ഹോട്ടലുകളില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്നു. കൈവശമുണ്ടായിരുന്ന പണം തീരാറായതോടെ നാട്ടിലേക്ക് മടങ്ങി എത്താന്‍ തീരുമാനിച്ചു. ഇതിനായി തമിഴ്‌നാട് അതിര്‍ത്തിയില്‍ ലോഡ്ജ് വാടകയ്ക്ക് എടുത്ത് താമസിച്ച് വരുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്. ഇരുവരും ഉള്ള സ്ഥലത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരമാണ് പൊലീസിന് സഹായകരമായത്.

വീട്ടമ്മ നിസാറിനെ പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയകളിലൂടെയാണ്. പരിചയം പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇരുവരും മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇരുവരും നാടുവിട്ടത്. അഞ്ചു വയസുള്ള മകനെ ഉപേക്ഷിച്ച് പോയതിന് ബാലനീതി വകുപ്പ് പ്രകാരമാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ എസ്ഐമാരായ കെ. ജെ.ജേക്കബ്, ഉദയകുമാര്‍ , എഎസ്ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ നിസാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അഖില്‍, ആര്യ എന്നിവരാണ് ഉണ്ടായിരുന്നത്.