സിഎംആര്‍എല്ലിനെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ആസൂത്രണമാണ് തോട്ടപ്പള്ളി ഖനനമെന്ന് മാത്യു കുഴല്‍നാടന്‍

കൊച്ചി. തോട്ടപ്പള്ളി പൊഴിമുഖത്ത് നടന്ന ഖനനം സിഎംആര്‍എല്ലിനെ സഹായിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആസൂത്രണം ചെയ്തതാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇതിനുള്ള പ്രതിഫലമായാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് മാസം തോറും ലക്ഷങ്ങള്‍ നല്‍കിയതെന്നും മാത്യു കുഴല്‍നാടന്‍.

അഴിമതിയുടെ തുടക്കം 2017 ഫെബ്രുവരി ആറിന് സിഎംആര്‍എല്ലിലെ ട്രേഡ് യൂണിയന്‍ സംഘടനകളുടെ പേരില്‍ ലഭിച്ച പരാതിയില്‍ നിന്നാണ്. സിഎംആര്‍എല്‍ നിലനില്‍പ്പിനായി പൊരുതുകയാണെന്നും ഖനനം തുടങ്ങിയില്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടുമെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇഎല്‍ ആവശ്യത്തിന് ഇല്‍മനൈറ്റ് നല്‍കുനില്ലെന്നും അമിത വില ഈടാക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കാന്‍ 2017 മാര്‍ച്ച് എട്ടിന് ഫയലില്‍ കുറിച്ചതായും മാത്യു കുഴല്‍നാടന്‍ പറയുന്നു. പിന്നാലെ 2018ല്‍ തോട്ടപ്പള്ളി പൊഴിമുഖത്ത് ഖനനം നടത്താന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടുവെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.