കത്തുവിവാദം: ക്രൈംബ്രാഞ്ചിനെ കാട്ടി സി.ബി.ഐ, വിജിലന്‍സ് അന്വേഷണങ്ങൾക്ക് തടയിട്ടു; ഒരുമാസമായിട്ടും അനക്കമില്ലാതെ ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിലെ കത്തില്‍ കേസെടുത്ത് ഒരുമാസമായിട്ടും കാര്യമായി അന്വേഷിക്കാതെ ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പേരില്‍ സി.ബി.ഐ, വിജിലന്‍സ് അന്വേഷണങ്ങള്‍ക്ക് സർക്കാർ ബുദ്ധിപരമായി തടയിടുകയും ചെയ്തു. ഇതോടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണോ അണിയറയിൽ നടക്കുന്നതെന്നാണ് സംശയം.

സംഭവത്തിൽ മേയർക്കെതിരെ പ്രതിഷേധങ്ങൾ ഇന്നും തുടരുകയാണ്. പോലീസിന്റ സഹായത്തോടെ പ്രതിഷേധക്കാരെ അടിച്ചമർത്തി കോപ്പറേഷൻ ഓഫീസിൽ പ്രവേശിക്കുകയാണ് ദിവസങ്ങളായി മേയർ ചെയ്തു വരുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെഴുതിയതെന്ന് പറയുന്ന ഒരു കത്ത് നാടെങ്ങും പ്രചരിച്ചിട്ടുണ്ട്. കത്ത് എഴുതിയിട്ടില്ലന്ന് മേയറും കത്ത് കിട്ടിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറിയും ആവർത്തിച്ചു പറയുന്നു. എന്നാൽ ഈ കത്ത് എവിടെ നിന്ന് വന്നുവെന്നത് അറിയേണ്ടതുണ്ട്.

മേയറുടെയും ഓഫീസിലെ ജീവനക്കാരുടെയും മൊഴിയെടുത്ത് കത്ത് വ്യാജമെന്ന നിഗമനത്തിന് കളമൊരുക്കിയതല്ലാതെ മറ്റൊന്നും ക്രൈംബ്രാഞ്ച് ചെയ്തിട്ടില്ല. കത്ത് പ്രചരിച്ച വാട്സപ്പ് ഗ്രൂപ്പിനേക്കുറിച്ച് അന്വേഷിച്ചില്ല. കത്ത് സ്വീകരിക്കേണ്ട സി.പി.എം ജില്ലാ സെക്രട്ടറിയുടെയോ സമാനമായ മറ്റൊരു കത്തെഴുതിയെന്ന് സമ്മതിച്ച സി.പി.എം കൗണ്‍സിലറെയോ ചോദ്യം ചെയ്തില്ല. ചുരുക്കത്തില്‍ കത്തിലെ സത്യം കണ്ടെത്താനുള്ള എല്ലാ അന്വേഷണവും നിലച്ചു എന്ന് തന്നെ പറയാനാകും.