എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍ഗോട്: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് എംസി കമറുദ്ദീന്‍ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പ്രമേഹനില ഉയര്‍ന്നതിനെ തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു എന്നാണ് സൂചന. കാസര്‍ഗോട് ജില്ലാ ആശുപത്രിയിലേക്കാണ് കമറുദ്ദീനെ മാറ്റിയത്. കമറുദ്ദീന്‍ കടുത്ത പ്രമേഹ രോഗിയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ രോഗവുമായി ബന്ധപ്പെട്ട മെഡിക്കല്‍ രേഖകള്‍ പഴയതാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിക്കും. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് എംസി കമറുദ്ദീന്‍.

14 ദിവസത്തേക്കാണ് കമറുദ്ദീനെ ഹോസ്ദൂര്‍ഗ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. നിലവില്‍ 128 ഓളം കേസുകളാണ് എം.സി കമറുദ്ദീനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഓഗസ്റ്റ് 27നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എം സി കമറുദ്ദീനെ ചോദ്യം ചെയ്തത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപമായി ലഭിച്ച കോടിക്കണക്കിനു രൂപ എംഎല്‍എയും കൂട്ടരും തട്ടിയെടുത്തെന്നാണ് കേസ്.

അതേസമയം നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കമറുദ്ദീന്‍ മൊഴി നല്‍കിയിരുന്നു. തന്റെ പേരില്‍ ബിനാമി ഇടപാടുകള്‍ ഇല്ലെന്നും പണമിടപാടുകളില്‍ നേരിട്ട് ബന്ധമില്ലെന്നും കമറുദ്ദീന്‍ വ്യക്തമാക്കിയിരുന്നു.