മെഡിക്കൽ കോളേജിലെ വരാന്തയിൽ വിദഗ്ധ ചികിത്സ കാത്ത് യുവാവ് കിടന്നത് ആറ് മണിക്കൂർ, പിന്നാലെ മരണം, പ്രതിഷേധം

തിരുവനന്തപുരം : ആറു മണിക്കൂറിലധികം തിരുവനന്തപുരം മെഡിക്കൽ കോളേജ് വരാന്തയിൽ വിദഗ്ധ ചികിത്സയ്ക്കായി കാത്തു കിടന്ന യുവാവ് മരിച്ചു. കൊല്ലം പാരിപ്പള്ളി മുക്കട കാറ്റാടിമുക്ക് സസ്പുൽ ഹവേലിയിൽ പരേതനായ അജികുമാർ-നിഷ ദമ്പതിമാരുടെ മകൻ ഗിൽജിത്തിന്റെ (21) അപകടമരണത്തിലാണ് ചികിത്സപ്പിഴവ് പരാതി ഉയർന്നത്. കൊട്ടിയത്തുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. കൈകാലുകളുടെ എല്ലിന് പൊട്ടലുണ്ടെന്നും കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്‌നം ഉള്ളതിനാൽ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കുന്ന സമയത്തും പിന്നീടും ഗിൽജിത്ത് സംസാരിച്ചിരുന്നു. വെള്ളം ചോദിച്ചിട്ടും കൊടുക്കാൻ ഡോക്ടർമാർ സമ്മതിച്ചില്ല. രാത്രി എട്ടുമണിയോടെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചു. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ പ്രാഥമിക പരിശോധന നടത്തി വേദന സംഹാരി നൽകി. ശേഷം വരാന്തയിലേക്ക് സ്ട്രക്ചറിൽ മാറ്റി കിടത്തി. യുവാവിന്റ അമ്മയെ ആദ്യം ഉള്ളിൽ കയറ്റിയിരുന്നു. മറ്റാരെയും കടത്തിവിട്ടില്ല.

പല തവണ അവസ്ഥ ബോധിപ്പിച്ചതോടെയാണ് ഇവരെ അകത്തേക്ക് കയറ്റിയത്. ഇതിനിടെ സുരക്ഷാ ജീവനക്കാരുമായി തർക്കങ്ങളും ഉണ്ടായി. സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ച റിപ്പോർട്ടുകൾ തങ്ങളുടെ പക്കലുണ്ടായിട്ടും ഇത് നോക്കാൻ അധികൃതർ തയ്യാറായില്ല. പിന്നീട് ഏറെ വൈകി എക്സ്‌റേയും സി.ടി. സ്‌കാനും എടുത്ത് കൊണ്ടുവരാൻ ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടുകൾ എടുക്കാൻ താഴത്തെ നിലയിലേക്ക് പലതവണ കൊണ്ടുവന്നു.

ഒടുവിൽ 2.50 ഓടെ ഗിൽജിത്തിന്റെ ബോധം പോയി. പിന്നാലെ ഐ.സി.യു.വിലേക്കും വെന്റിലേറ്ററിലേക്കും മാറ്റണമെന്ന നിർദേശവുമായി ഡോക്ടർ എത്തി. ഇതിനു തൊട്ടു മുൻപ് വരെയും ഒരു ചികിത്സയും നൽകിയില്ല. വെന്റിലേറ്ററിലേക്ക് മാറ്റിയതിനു പിന്നാലെ രോഗി മരിച്ചതായി ആശുപത്രി ജീവനക്കാർ അറിയിച്ചതായി ബന്ധുക്കളും കൂട്ടുകാരും പറയുന്നു. ഗിൽജിത്തിന്റെ മരണം തലയ്ക്ക് പരിക്കേറ്റല്ല എന്ന് വ്യക്തമായതോടെ പല കാരണങ്ങളാണ് ഡോക്ടർമാർ പറയുന്നത്.

ഹൃദയാഘാതം കാരണമാണ് മരണമെന്ന് ഒരു ഡോക്ടർ പറഞ്ഞപ്പോൾ രക്താധിസമ്മർദ്ദമാണെന്ന് മറ്റൊരു ഡോക്ടർ പറഞ്ഞതായി കൂട്ടുകാർ ആരോപിച്ചു. കഴുത്തിനേറ്റ പരിക്കേറ്റാണ് കാരണമെന്ന് വേറൊരു ഡോക്ടറും പറഞ്ഞുവെന്ന് ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ പറയുന്നു.