പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷിച്ച് നടി മീന, വാക്കുകൾക്കതീതമെന്ന് താരം

തലസ്ഥാനത്ത് നടന്ന പൊങ്കൽ ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പങ്കെടുത്ത് നടി മീന. കേന്ദ്രമന്ത്രി ഡോ. എൽ മുരുകന്റെ വസതിയിലാണ് പൊങ്കൽ ആഘോഷങ്ങളിൽ പങ്കെടുത്തത്. ​കറുത്ത കോട്ടും മുണ്ടും ധരിച്ച് പൊങ്കൽ ചടങ്ങുകളിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ ഇതിനോടകം ​വൈറലായിക്കഴിഞ്ഞു.

പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം മീന സോഷ്യൽ മീഡിയയിലൂ‍ടെ പങ്കിട്ടു. വാക്കുകള്‍ക്ക് അതീതമായ ബഹുമതിയാണ് പ്രധാനമന്ത്രിക്കൊപ്പം പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതാണെന്നാണ് നടി പറഞ്ഞത്. സമൂഹമാദ്ധ്യമങ്ങളില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ‘പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പൊങ്കല്‍ ആഘോഷിക്കാൻ കഴിഞ്ഞത് വാക്കുകള്‍ക്ക് അതീതമായൊരു ബഹുമതിയാണ്. സമ്പന്നമായ ഈ അനുഭവത്തിനും ഐക്യത്തിനും നന്ദി.’-മീന കുറിച്ചു.

പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായി ഗോപൂജയും നടത്തി. ഇതിന് പിന്നാലെ നടന്ന സാംസ്കാരിക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. സാംസ്കാരിക പരിപാടിയിൽ പാടിയ കുഞ്ഞു ഗായിക പ്രധാനമന്ത്രിയുടെ കാൽ തൊട്ട് അ‌നുഗ്രഹം വാങ്ങി. അ‌ദ്ദേഹം പെൺകുട്ടിക്ക് താൻ ധരിച്ചിരുന്ന ഷാൾ സമ്മാനമായി നൽകുകയും ചെയ്തു. പുതുച്ചേരി ഗവർണർ, തലങ്കാന ഗവർണർ, കേന്ദ്രമന്ത്രി നിർമല സീതാരമൻ, സിനിമാ താരം മീന എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ വർഷവും കേന്ദ്രമന്ത്രി എൽ മുരുകന്റെ വസതിയിലെ തമിഴ്പുത്താണ്ട് ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു.