ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട്, മീര നന്ദന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയുമൊക്കെയാണ് മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു. താരം അഭിനയത്തില്‍ ഇപ്പോള്‍ സജീവമല്ല. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത് വരികയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നടി. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് മീര.

പഴയ നടന്മാരില്‍ ഒടുവില്‍ ഉണ്ണികൃഷ്ണനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നാണ് മീരാ നന്ദന്‍ പറയുന്നത്. ‘എനിക്ക് ഏറെ ഇഷ്ടമുള്ള നടന്മാരിലൊരാളാണ് അദ്ദേഹം. അതുപോലെ കൊച്ചിന്‍ ഹനീഫ, തിലകന്‍ എന്നിവരോടൊപ്പവും സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്നതോര്‍ത്ത് ദുഃഖമുണ്ട്.

ഇത്രനാള്‍ അഭിനയിച്ചിട്ട് അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയ സിനിമകളുണ്ട്. ഒരുപാട് സിനിമകളില്‍ അഭിനയിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് പക്ഷെ, ആ സിനിമകളുടെ പേര് പറയാന്‍ താത്പര്യമില്ല.- മീര വ്യക്തമാക്കി.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ കറന്‍സി, പുതിയ മുഖം, കേരള കഫേ, പുള്ളിമാന്‍, സീനിയേഴ്സ്, ശങ്കരനും മോഹനനും, സ്വപ്നസഞ്ചാരി, മല്ലു സിങ്, റെഡ് വൈന്‍, കടല്‍ കടന്നൊരു മാത്തുക്കുട്ടി, അപ്പോത്തിക്കിരി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ മീര നന്ദന്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ മീരാ നന്ദന്‍ അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി, സീനിയേഴ്സ് എന്നിവയിലെല്ലാം അതിഥി വേഷത്തിലാണ് അഭിനയിച്ചത്. ആ സിനിമകളെല്ലാം വിജയചിത്രങ്ങളുമായിരുന്നു.