എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം, മകന് ഞങ്ങളെ രണ്ട് പേരെയും വേണം- മീര വാസുദേവ്

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ ലേഖ എന്ന പക്വതയുള്ള കഥാപാത്രത്തെ ഗംഭീരമാക്കിയത് നടി മീര വാസുദേവ് ആയിരുന്നു. താരം ഒരു മലയാളിയല്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. മുംബയിലെ പരസ്യ ലോകത്ത് നിന്നാണ് മീര മലയാളത്തിലേക്ക് എത്തിയത്. മോഹൻലാൽ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് തന്മാത്രയിൽ മീര വാസുദേവ് അവതരിപ്പിച്ചത്.

ലേഖ എന്ന വീട്ടമ്മയുടെ വേഷത്തിൽ തിളങ്ങാൻ മീരക്ക് കഴിഞ്ഞെങ്കിലും വ്യക്തി ജീവിതത്തിൽ കഥ നേരെ മറിച്ചാണ്. രണ്ട് വിവാഹബന്ധങ്ങളും താരത്തിന്റേത് പരാജയമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്ക് എന്ന സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരയാണ്. മീര വാസുദേവിന്റെ വിവാഹവുമായി ബന്ധപ്പെട്ട രസകരമായ ട്രോളുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. കുടുംബവിളക്ക് എന്ന പരമ്പരയിലെ വിവാഹമാണ് ഇത്തരത്തിൽ പരിഹാസങ്ങൾക്ക് കാരണമായിരിക്കുന്നത്. ശരിക്കും വിവാഹത്തിന്റേതിന് സമാനമായി സീരിയലിലെ വിവാഹത്തിന് ആശംസകൾ പത്രത്തിൽ പരസ്യമായി വന്നതാണ് ഇതിനൊക്കെ കാരണം.

പ്രശസ്ത ഛായാഗ്രാഹകൻ അശോക് കുമാറിന്റെ മകൻ വിശാൽ അഗർവാളിനെ 2005 ലാണ് മീര വാസുദേവൻ ആദ്യം വിവാഹം കഴിക്കുന്നത്. ഈ ബന്ധം തനിക്ക് വലിയ പ്രതിസന്ധി ഉണ്ടാക്കിയതായി മുൻപ് നടി തന്നെ പറഞ്ഞിട്ടുണ്ട്. വിശാലുമായി പിരിഞ്ഞതിന് ശേഷമാണ് നടൻ ജോൺ കൊക്കനുമായിട്ടുള്ള മീരയുടെ കല്യാണം നടക്കുന്നത്. ഈ ബന്ധത്തിലൊരു മകനും ജനിച്ചിരുന്നു. എന്നാൽ 2016 ൽ താരങ്ങൾ വേർപിരിഞ്ഞു.

പരാജയപ്പെട്ട് പോയ രണ്ട് വിവാഹങ്ങളെയും കുറിച്ച് പറയാനോ ഓർക്കാനോ ഇഷ്ടമില്ലെന്നാണ് മീര വാസുദേവൻ പറഞ്ഞിരുന്നു. സീരിയലിലെ വിവാഹത്തിന് പിന്നാലെ ഈ കഥ വീണ്ടും ചർച്ചയാവുകയാണ്. ‘പക്ഷേ ഒന്ന് മാത്രം പറയാം, എപ്പോഴും വിവാഹബന്ധം വേർപിരിയുമ്പോൾ സ്ത്രീകൾ മാത്രമാണ് സമൂഹത്തിന് മുന്നിൽ കുറ്റക്കാർ. അവർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ആരും ശ്രദ്ധിക്കാറില്ല. 2005 ലായിരുന്നു എന്റെ ആദ്യ വിവാഹം. ഭർത്താവിൽ നിന്നും ജീവന് ഭീഷണി പോലും ഉണ്ടായിരുന്നു. പൊലീസ് പ്രൊട്ടക്ഷൻ തേടേണ്ട സാഹചര്യം പോലും അന്ന് ഉണ്ടായിട്ടുണ്ടെന്ന്’ നടി വ്യക്തമാക്കുന്നു.

അതിന് ശേഷം 2012 ലാണ് രണ്ടാമതും വിവാഹിതയാവുന്നത്. മാനസികമായി പൊരുത്തപ്പെടാൻ കഴിയാത്തത് കൊണ്ടാണ് ബന്ധം വേർപിരിഞ്ഞത്. പക്ഷേ എന്റെ കുഞ്ഞിന്റെ അച്ഛനാണ് അദ്ദേഹം. എന്റെ മകന് ഞങ്ങൾ രണ്ട് പേരെയും വേണം. അതിൽ യാതൊരു മാറ്റവുമില്ലെന്നും മീര കൂട്ടിച്ചേർത്തു.

തന്മാത്രയ്ക്ക് ശേഷം സിനിമകൾ പരാജയപ്പെടാനുണ്ടായ കാരണത്തെ കുറിച്ചും ജീവിതത്തിലെടുത്ത തെറ്റായ തീരുമാനത്തെ പറ്റിയുമൊക്കെ ഇതേ അഭിമുഖത്തിൽ നടി സൂചിപ്പിച്ചിരുന്നു. ‘തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകൾ വന്നിരുന്നു. ഭാഷ അറിയില്ലെന്നത് എനിക്ക് പ്രധാന പ്രശ്‌നമായി. ഇതോടെ ഒരു മാനേജറെ കണ്ടെത്തി. അതായിരുന്നു ജീവിതത്തിലെ തെറ്റായ തീരുമാനമായി മാറിയതെന്നാണ് നടി പറയുന്നത്.

മാനേജരായി വന്ന വ്യക്തി അയാളുടെ താൽപര്യങ്ങൾക്ക് വേണ്ടി എന്റെ പ്രൊഫഷൻ ഉപയോഗിക്കുകയായിരുന്നു. ഞാൻ അഭിനയിച്ച പല സിനിമകളുടെയും കഥ ഞാൻ കേട്ടിട്ട് പോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നൽകിയ സിനിമകളൊക്കെ ബോക്‌സഫീസിൽ പരാജയമായി. എന്നെ അഭിനയിപ്പിക്കാൻ വേണ്ടി മികച്ച സംവിധായകർ പലരും ശ്രമിച്ചിരുന്നതായി പിന്നീട് പറഞ്ഞറിഞ്ഞു. അതെല്ലാം ഈ വ്യക്തി പല കാരണങ്ങൾ പറഞ്ഞ് മുടക്കുകയായിരുന്നു. പകരം അയാൾക്ക് താൽപര്യമുള്ള നടിമാർക്ക് അവസരങ്ങൾ നൽകി. ഞാൻ മുംബൈയിൽ ആയിരുന്നത് കൊണ്ട് ഇതൊന്നും അറിഞ്ഞതേയില്ല. ഇപ്പോഴെനിക്ക് നല്ല ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരിലൂടെയാണ് കരിയറിന്റെ ഭൂരിഭാഗം തീരുമാനങ്ങളും എടുക്കുന്നതെന്നും മീര പറയുന്നു.