ലോഡ് ഷെഡിങ് പ്രഖ്യാപിക്കില്ല; വൈദ്യുതി ഉപയോഗം കുറയ്ക്കാൻ മറ്റു മാർഗം തേടി സർക്കാർ

സംസ്ഥാനത്ത് തത്ക്കാലം വൈദ്യുതി നിയന്ത്രണം വേണ്ടെന്ന് സർ‌ക്കാർ തീരുമാനം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോ​ഗത്തിലാണ് തീരുമാനം. വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ലോഡ് ഷെഡിങ് വേണമെന്നാണ് കെഎസ്ഇബി നിലപാട്. ലോഡ് ഷെഡിങ് അല്ലാതെ മറ്റ് വഴികൾ തേടണമെന്ന് സർക്കാർ കെഎസ്ഇബിയെ അറിയിച്ചു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം അവസാനിച്ചു.

അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇതടക്കം 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ചൂടിൽ നേരിയ കുറവ്. സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസിനടുത്ത്
രേഖപ്പെടുത്തിയ ഉയർന്ന താപനില 3 .7 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. എന്നാലും പാലക്കാട്ടെ പൊള്ളുന്ന ചൂടിന് മാറ്റമില്ല.

പാലക്കാടിനൊപ്പം തൃശൂർ കോഴിക്കോട് ജില്ലകളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് 38 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.ജില്ലകളിൽ സാധാരണയിൽ നിന്ന് 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാധ്യത.തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്താണ് തതീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും യോഗത്തിൽ തീരുമാനമായി.

പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം.