മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷമാരാർ അന്തരിച്ചു

തൃശൂർ : ഇലഞ്ഞിത്തറ മേളത്തിലെ അതികായൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 84 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല് പതിറ്റാണ്ട് കാലം തൃശൂർ പൂരത്തിന്റെ ഭാഗമായിരുന്നു. 80-ാം വയസിൽ ആരോഗ്യപരമായ പ്രശ്‌നങ്ങൾ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പൂരത്തിൽ നിന്ന് വിരമിച്ചത്. ദീർഘകാലം പെരുവനം കുട്ടൻമാരാരുടെ വലംതലയായിരുന്ന മേളവിദ്വാനാണ് കേളത്ത് ആശാൻ.

16 -ാം വയസിലാണ് തൃശൂർ പൂരത്തിനായി ആദ്യം ചെണ്ടക്കോൽ കയ്യിലെടുക്കുന്നത്. ആദ്യം പാറമേക്കാവിനായി 13 വർഷവും ഇടവേളയ്‌ക്ക് ശേഷം തുടർച്ചയായി 23 വർഷവും അദ്ദേഹം കൊട്ടിയിരുന്നു. തിരുവമ്പാടിക്ക് വേണ്ടി 9 വർഷവും അരവിന്ദാക്ഷ മാരാർ കൊട്ടി. ഇതിനിടയിൽ 18 വർഷം പൂരത്തിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തു.

പല്ലശ്ശന പത്മനാഭമാരാർ, പെരുവനം നാരായണമാരാർ, കുറുപ്പത്ത് നാണുമാരാർ, കാരേക്കാട് ഈച്ചരമാരാർ, കുറുപ്പത്ത് ഈച്ചരമാരാർ, കിഴക്കൂട്ട് അനിയൻമാരാർ തുടങ്ങിയ എല്ലാ മേള രാജാക്കന്മാർക്കുമൊപ്പം അരവിന്ദാക്ഷൻ കൊട്ടി. ഇലഞ്ഞിത്തറയിലെ ഏക അർധ പ്രമാണിയെന്ന വിശേഷണവും മേളാസ്വദകർ നൽകിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്.