സിനിമയിലേക്ക് നായികയായി ക്ഷണിച്ചപ്പോള്‍ മേതില്‍ ദേവിക പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയാണ് മേതില്‍ ദേവിക. അടുത്തിടെയാണ് താരവും ഭര്‍ത്താവും നടനുമായ മുകേഷുമായി പിരിഞ്ഞത്. മുകേഷുമായുള്ള വിവാഹ ശേഷമായിരുന്നു ദേവികയുടെ സ്വകാര്യ ജീവിതം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി തുടങ്ങിയത്. മുകേഷുമായുള്ള വേര്‍പിരിയല്‍ വാര്‍ത്തകള്‍ പുറത്തെത്തിയതോടെ ദേവിക വീണ്ടും വലിയ ചര്‍ച്ചയായി മാറി.

ഇപ്പോഴിത മേതില്‍ ദേവികയെ കുറിച്ച് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് ദേവികയെ കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്. ദേവികയുടെ നൃത്തം കണ്ട് ഒരിക്കല്‍ സിനിമയിലേക്ക് നായികയാവാന്‍ ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ അഭിനയം തന്റെ മേഖല അല്ലെന്നും അത് നൃത്തമാണെന്നും പറഞ്ഞ് അവര്‍ ആ അവസരം സ്‌നേഹപൂര്‍വം നിഷേധിച്ചുവെന്നും ഷിബു ചക്രവര്‍ത്തി പറയുന്നു.

‘ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് മേതില്‍ ദേവികയെ ആദ്യമായി കാണുന്നത്. ചന്ദനമണി വാതില്‍ എന്ന ഗാനത്തിനൊപ്പം മനോഹരമായി ചുവടുവെച്ചിരുന്നു അന്ന് ദേവിക. ആ വീഡിയോ വൈറലായി മാറിയിരുന്നു. അതിന് ശേഷമായാണ് ദേവികയെ തേടി സിനിമാപ്രവര്‍ത്തകരെത്തിയത്.ആന്റോ ജോസഫും മേതില്‍ ദേവികയോട് സിനിമയെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ആ അവസരം ദേവിക സ്വീകരിച്ചിരുന്നില്ല. മുന്‍പ് അദ്ദേഹം എന്നോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് ദേവികയോടും ചോദിച്ചത്. നായികാവേഷത്തിലായിരുന്നു ദേവികയെ പരിഗണിച്ചത്. അതേക്കുറിച്ച് ഞാനും ചോദിച്ചുവെങ്കിലും അഭിനയമല്ല തന്റെ മേഖലയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ദേവിക. നൃത്തമാണ് തന്റെ മേഖലയെന്ന് പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തയാളാണ് അവര്‍’, ഷിബു ചക്രവര്‍ത്തി പറഞ്ഞു.