കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്, വിവാദങ്ങള്‍ക്ക് മറുപടിയുമായി എംജി ശ്രീകുമാര്‍

മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ചിലര്‍ രംഗത്ത് എത്തുന്നുണ്ട്. ഇതോടെ സിപിഎം ഇക്കാര്യം പുന പരിശോധിക്കുകയാണ്. എംജി ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തത് അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗമാണ് എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായും സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാനായും നിശ്ചയിച്ചത്. ഇതിന് പിന്നാലെയാണ് എംജി ശ്രീകുമാറിനെ നിശ്ചയിച്ചതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും രംഗത്ത് എത്തിയത്. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന വിവാദങ്ങള്‍ക്ക് എംജി ശ്രീകുമാര്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.

ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടു കേള്‍വി മാത്രമേ തനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും തന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാര്‍ട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ തനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെ പോലും പരിചയമില്ല. കേട്ടു കേള്‍വി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകള്‍ കാണാന്‍ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല എന്നാണ് എം.ജി ശ്രീകുമാര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.