മോക്ക ചുഴലിക്കാറ്റ്, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത. ന്യൂനമർദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായേക്കും. ബംഗാൾ ഉൾക്കടലിലെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരിക്കുമിത്. ഇത്തരത്തിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടാൽ ‘മോക്ക’ എന്നായിരിക്കും പേര് ഇടുക.

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സ്വാധീനംകാരണം കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എട്ടിന് വയനാട്ടിലും ഒമ്പതിന് എറണാകുളത്തും ഇടുക്കിയിലും മഞ്ഞ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപംകൊള്ളാൻ സാധ്യതയും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച ഇതിന്റെ സ്വാധീനത്താൽ ന്യൂനമർദം രൂപപ്പെടും. ഇത് തിങ്കളാഴ്ചയോടെ ശക്തിപ്രാപിക്കും. ഇത് വീണ്ടും ശക്തിയാർജിച്ച് ചുഴലിക്കാറ്റായി വടക്കോട്ട് സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത.