മന്ത്രി എസി മൊയ്തീന്‍റെ ഓഫീസിലെ 8 ജീവനക്കാർക്ക് കൊവിഡ്: മന്ത്രിയും ഓഫീസിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്‍റെ ഓഫീസിലെ 8 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മന്ത്രിയും ഓഫീസിലെ മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോയി. മന്ത്രിക്ക് കൊവിഡ് പരിശോധന നടത്തും. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു. സെക്രട്ടേറിയറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ടുണ്ടായ സമരങ്ങൾ കൂടുതൽ കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

അതേസമയം തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടയിൽ സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുനൂർ കാന്തപുരം മംഗലത്ത് സ്വദേശി യൂസഫ് മാസ്റ്ററാണ് മരിച്ചത്. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കൊവിഡ് മരണമാണ് യൂസഫിന്‍റേത്.

ചെമ്മാട് സ്വദേശി അബൂബക്കർ ഹാജി, കോട്ടയ്ക്കൽ സ്വദേശി ഇയ്യത്തുട്ടി എന്നിവർ മലപ്പുറത്ത് മരിച്ചു. കണ്ണൂരിൽ കൂവപ്പാടി സ്വദേശി കോയ്യാത്തി അനന്തൻ ആണ് മരിച്ചത്. കാസർകോട് അജാനൂർ സ്വദേശി അബ്ദുള്ളയും കൊവിഡ് ബാധിച്ച് മരിച്ചു. അബൂബക്കർ ഹാജിക്ക് ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയില്‍ ഇരിക്കെയാണ് അനന്തന്‍റെ മരണം.