മണിയന്‍പിള്ള രാജുവിന് സര്‍ക്കാരിന്റെ കിറ്റ് വീട്ടിലെത്തിച്ച് മന്ത്രി; റേഷന്‍കടയും വിരല്‍ പതിപ്പിക്കലും സാധാരണക്കാര്‍ക്കാണോ എന്ന് വിമര്‍ശനം

തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ ഓണക്കിറ്റ് നേരിട്ടെത്തിച്ചു നല്‍കിയ മന്ത്രി ജി.ആര്‍. അനിലിനെതിരെ വിമര്‍ശനമുയരുന്നു. റേഷന്‍ കട വഴി മാത്രം വിതരണം ചെയ്യുന്ന സൗജന്യ ഓണക്കിറ്റ് ഭക്ഷ്യവകുപ്പ് മന്ത്രി നടന്റെ വീട്ടില്‍ കൊണ്ടുപോയി നല്‍കിയത് എന്തിനാണെന്നാണ് വിവിധ കോണുകളില്‍ നിന്നും ചോദ്യമുയരുന്നത്.

റേഷന്‍ കടയിലെ ഇംപോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ച്, കാര്‍ഡിലെ വിവരങ്ങള്‍ ഉറപ്പാക്കിയ ശേഷമാണ് സാധാരണ കിറ്റ് വിതരണം നടക്കുന്നത്. ഈ നടപടിക്രമങ്ങളെല്ലാം മന്ത്രി തന്നെ ലംഘിച്ചിരിക്കുകയാണെന്നാണ് പ്രതികരണങ്ങള്‍ വരുന്നത്. മണിയന്‍പിള്ള രാജുവിന് ഓണക്കിറ്റ് നല്‍കുന്ന ചിത്രങ്ങള്‍ മന്ത്രി തന്നെയായിരുന്നു തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

മുന്‍ഗണന ഇതര വിഭാഗത്തില്‍ പെടുന്ന, സബ്സിഡിയില്ലാത്ത വെള്ള കാര്‍ഡാണ് മണിയന്‍പിള്ള രാജുവിന്റേതെന്നും നിരവധി പേര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജൂലൈ 31 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത്. ആഗസ്റ്റ് 13 മുതലാണ് വെള്ള കാര്‍ഡ് അംഗങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്യുക.

കിടപ്പുരോഗികള്‍ പോലും രേഖാമൂലം മറ്റൊരാളെ കിറ്റ് വാങ്ങാനായി നിയോഗിക്കണമെന്ന വ്യവസ്ഥയുണ്ടായിരിക്കേ അതിനു വിരുദ്ധമായി മന്ത്രി തന്നെ നടപടികള്‍ സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ചിലര്‍ പറയുന്നത്. ലോക്ഡൗണ്‍ കാലത്ത് റേഷന്‍ കടയില്‍ നിന്നുമുള്ള ഭക്ഷ്യവസ്തുക്കള്‍ നിലവാരം കുറഞ്ഞതാണെന്ന പ്രചാരണം ശക്തമായപ്പോള്‍ റേഷന്‍ കടയില്‍ നിന്നും മികച്ച ഭക്ഷ്യവസ്തുക്കളാണ് ലഭിക്കുന്നതെന്ന് മണിയന്‍പിള്ള രാജു പറഞ്ഞിരുന്നു. അദ്ദേഹം കടയിലേക്ക് പോകുന്നതിന്റെയും ഭക്ഷണം നല്ലതാണെന്ന് പറയുന്നതിന്റെയും വീഡിയോ ഏറെ ചര്‍ച്ചയായിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രി മണിയന്‍പിള്ള രാജുവിന്റെ വീട്ടിലെത്തിയതെന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, സെലിബ്രിറ്റി എന്ന നിലയിലാണ് തന്റെ വീട്ടിലേക്ക് മന്ത്രി വന്നതെന്നും അടുത്ത ദിവസം തന്നെ ഇംപോസ് മെഷീനില്‍ പോയി വിരല്‍ പതിപ്പിക്കുമെന്നും മണിയന്‍പിള്ള രാജു മനോരമയോട് പറഞ്ഞു.