മന്ത്രി മുഹമ്മദ് റിയാസ് വർ​ഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ നോക്കുന്നു.

തിരുവനന്തപുരം. കേരളത്തിൽ ഒരു മുസ്‌ലിം മുഖ്യമന്ത്രിയെ കൊണ്ടുവരുന്നതിനായി സി പി എം കരുക്കൾ നീക്കുന്നതായി ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനത്തിൽ വർ​ഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ ഒരു മുസ്ലിം മുഖ്യമന്ത്രി വരണമെന്ന ആ​ഗ്രഹത്തിലാണ് ഇടത് മുന്നണി. റിയാസിന്റെ ലക്ഷ്യം പകൽപോലെ വ്യക്തവുമാണ് – കെ.സുരേന്ദ്രൻ പറഞ്ഞു.

സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗത ഗാനം സംബന്ധിച്ച് പരിശോധന നടത്തണമെന്നും പിന്നണി പ്രവര്‍ത്തകരുടെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിക്കവേ, സ്വാ​ഗത​ഗാനം കേട്ടവർക്കും അതിന്റെ ദൃശ്യാവിഷ്കാരം കണ്ടവർക്കും അതിൽ ഒരു വർ​ഗീയതും തോന്നിയിട്ടില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്കൂൾ കലോത്സവത്തിന്റെ സ്വാ​ഗത​ഗാനം കേട്ടവർക്കാർക്കും അതിൽ വർ​ഗീയത തോന്നിയില്ല. സ്കൂൾ കലോത്സവം നടത്തിയത് വിദ്യാഭ്യാസ വകുപ്പും ചുക്കാൻ പിടിച്ചത് മുഹമ്മദ് റിയാസുമാണ്. ഇത്തരം വിവാദങ്ങളിലൂടെ വർ​ഗീയത സൃഷ്ടിച്ച് മുതലെടുപ്പ് നടത്താം എന്നാണ് റിയാസ് ചിന്തിക്കുന്നത്. റിയാസിന്റെ ലക്ഷ്യം പകൽപോലെ വ്യക്തമാണ്. അത് മാർസ്റ്റിസ്റ്റ് പാർട്ടിക്ക് അകത്തുള്ളവർക്കും നന്നായി മനസ്സിലായിട്ടുണ്ടാകും. സ്വാ​ഗത ​ഗാനത്തിന്റെ പേരിൽ മുഹമ്മദ് റിയാസ് ഉണ്ടാക്കുന്നത് വർ​ഗീയ ധ്രുവീകരണമാണ്.

കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ സ്വപ്നം കണ്ട് നടക്കുന്നവർ കലോത്സവത്തിന്റെ സ്വാഗതഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദം ഒരു അവസരമായി ഉപയോ​ഗിക്കുകയാണ്. പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവർ ഇത്തരം അവസരങ്ങളെ വർ​ഗീയ ധ്രുവീകരണത്തിനായി ഉപയോ​ഗിക്കുന്നത് ശരിയല്ല. കേരളത്തെ സംബന്ധിച്ച് അത് ഒട്ടും നല്ലതല്ല. ജനങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും സ്നേഹവും തകർക്കാനാണ് ഭക്ഷണത്തിലും സ്വാ​ഗത​ഗാനത്തിലും വിവാദം സൃഷ്ടിക്കുന്നത്. കലോത്സവം നടത്തിയതും സംഘാടക സമിതിയിലുള്ളതും റിയാസിന്റെ പാർട്ടിക്കാർ തന്നെ. ഒരു മുസ്ലിം മുഖ്യമന്ത്രി വരണമെന്ന ആ​ഗ്രഹത്തിലാണ് ഇടത് മുന്നണിയുടെ പ്രവർത്തനം. ലീ​ഗിനും റിസാസിനും ഒരേ അഭിപ്രായവുമാണ് എന്നും സുരേന്ദ്രൻ പറഞ്ഞു.