പൈസയുടെ വിഷയമല്ല, ഓഫീസിനു പറ്റിയ പിഴവ്’; ചുള്ളിക്കാടിന്റെ പരാതിക്കു പിന്നാലെ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ

തിരുവനന്തപുരം∙ കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ അപമാനിച്ചു എന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിയിൽ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ലെന്ന് ചുള്ളിക്കാട് പറഞ്ഞതായി മന്ത്രി അറിയിച്ചു. ‘പൈസയുടെ വിഷയമല്ല അദ്ദേഹം ഉന്നയിച്ചത്. ഓഫീസിനു പറ്റിയ പിഴവാണത്. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒരു ഉത്സവങ്ങൾക്കും സാമ്പത്തിക പരിമിതിയില്ല. ആവശ്യമുള്ള പണം സർക്കാർ നൽകുന്നുണ്ട്. എല്ലാ സാംസ്കാരിക സ്ഥാപനങ്ങളും വരുമാനം കണ്ടെത്തേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ കുറഞ്ഞ പ്രതിഫലം നൽകിയതിനെ വിമർശിച്ചാണ് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്.

സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തിൽ നൽകിയ പ്രതിഫലത്തെ വിമർശിച്ചാണ് ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയത്. കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നെന്നും രണ്ടു മണിക്കൂർ പ്രഭാഷണം നടത്തിയതിനു പ്രതിഫലമായി നൽകിയത് 2400 രൂപ മാത്രമാണെന്നും ചുള്ളിക്കാട് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാൻ വന്നതിന് 3500 രൂപ ചെലവുണ്ടെന്നും ബാക്കി തുക സീരിയലിൽ അഭിനയിച്ചു കിട്ടിയ പണത്തിൽനിന്നാണ് നൽകിയതെന്നും കവി പറഞ്ഞു.

സംഭവത്തിൽ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിലും ബാലചന്ദ്രൻ ചുള്ളുക്കാടിനോട് ഖേദം പ്രകടിപ്പിച്ചിരുന്നു. വിഷയത്തിൽ നേരിട്ടു പങ്കില്ലെങ്കിലും മാപ്പു ചോദിക്കുന്നതായി അശോകൻ ചരുവിൽ പറഞ്ഞു.