ആരുമില്ലാത്ത ക്ലാസ്മുറിയില്‍ വെച്ച് വിവാഹിതരായി; പ്ലസ്ടു വിദ്യാര്‍ത്ഥികളെ ടിസി നല്‍കി പറഞ്ഞുവിട്ടു

ക്ലാസ് മുറിയില്‍ വെച്ച് വിവാഹിതരായ പ്ലസ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ടിസി നല്‍കി പറഞ്ഞുവിട്ടു. താലി കെട്ടിന്റെ ഫോട്ടോയെടുത്ത കൂട്ടുകാരനേയും ടിസി നല്‍കി പറഞ്ഞുവിട്ടു. ആന്ധ്രപ്രദേശിലെ രാജമുണ്ട്രിയിലാണ് സംഭവം. പ്രണയത്തിലായിരുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറിയില്‍ വെച്ച് താലി കെട്ടുകയായിരുന്നു. തെളിവിനായി ഒരു സഹപാഠിയെക്കൊണ്ട് വീഡിയോ എടുപ്പിക്കുകയും ചെയ്തു.

ക്ലാസ്മുറിയില്‍ നടന്ന കല്യാണത്തിന്റെ വീഡിയോ വളരെപ്പെട്ടന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതേത്തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ ഇടപെട്ട് മൂന്ന് പേരുടെയും ടിസി നല്‍കി പറഞ്ഞുവിട്ടത്. ഒരു മിനുട്ട് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോ എങ്ങനെയാണ് പ്രചരിച്ചതെന്നത് സംബന്ധിച്ച് ഇവര്‍ക്ക് വ്യക്തതയില്ല. ദ ന്യൂസ് മിനിറ്റാണ് ഈ ക്ലാസ്മുറിയിലെ കല്യാണം റിപ്പോര്‍ട്ട് ചെയ്തത്.

നവംബര്‍ ആദ്യമാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആരുമില്ലാത്ത ക്ലാസ് മുറിയില്‍ വെച്ചാണ് താലികെട്ട് നടന്നത്. സ്‌കൂളിനു പുറത്തുള്ള സുരക്ഷാ ജീവനക്കാരനെ എങ്ങനെയോ പറഞ്ഞ് വിശ്വസിപ്പിച്ചാണ് മൂവരും അകത്തെത്തിയത്. താലി കെട്ടിയതിനു ശേഷം നെറ്റിയില്‍ സിന്ദൂരം അണിയാന്‍ പെണ്‍കുട്ടി പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ആരെങ്കിലും വരുന്നതിനു മുന്‍പ് വേഗം സിന്ദൂരം അണിയാനാണ് പെണ്‍കുട്ടി പറയുന്നത്. അതു കഴിഞ്ഞ് വധൂവരന്മാരെപ്പോലെ ഇരുവരും വീഡിയോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നുണ്ട്.

കല്യാണം കഴിച്ച ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശിശുക്ഷേമ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണിക്കാനാണ് ഇവര്‍ ക്ലാസ് മുറിയില്‍വെച്ച് വിവാഹിതരായത് എന്നാണ് ലഭിക്കുന്ന വിവരം.