മിസോറമും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളും ഇന്ന് പോളിംഗ് ബൂത്തിൽ

ന്യൂഡൽഹി: മിസോറമിലെയും ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങളിലെയും ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ. മിസോറം നിയമസഭയിലെ ആകെയുള്ള 40 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡിലെ നക്‌സൽ ബാധിത മേഖലയിലുമാണ് ഇന്ന് വോട്ടിംഗ് നടക്കുക. കനത്ത സുരക്ഷയാണ് ഇരു സംസ്ഥാനങ്ങളിലും ഒരുക്കിയിരിക്കുന്നത്.

വാശിയേറിയ പ്രചാരണത്തിന് പിന്നാലെ ഛത്തീസ്ഗഢിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക.

അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. മിസോറമിലെ 40 മണ്ഡലങ്ങളിലുമായി 1,276 പോളിംഗ് ബൂത്തുകളാണുള്ളത്. 174 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. ആകെ 857,000 വോട്ടർമാരുള്ളതിൽ 7000 പേർ മലനിരകളിൽ താമസിക്കുന്നവരാണ്.

ഇവർക്ക് തപാൽ വഴി വോട്ട് ചെയ്യാനുള്ള അവസരം തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്. ഭരണ കക്ഷിയായ എംഎൻഎഫ് പ്രതിപക്ഷ കക്ഷിയായ ഇസഡ്പിഎം എന്നിവർ തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപിയും കോൺഗ്രസും മത്സര രംഗത്തുണ്ട്.