മരക്കാർ ടെല​ഗ്രാമിൽ, കാഞ്ഞിരപ്പള്ളി സ്വേദശി പിടിയിൽ

മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് എന്നയാളെയാണ് കോട്ടയം എസ്പി ഡി. ശിൽപ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടി കൂടി. വ്യാജപതിപ്പ് പ്രചരിപ്പിച്ച കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്. ചിത്രത്തിലെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങള്‍ യുട്യൂബിലും പ്രചരിച്ചിരുന്നു.

ചിത്രത്തിന്റെ വ്യാജ പ്രിന്റ് ടെലഗ്രാമിലെ സിനിമ കമ്പനി എന്ന ഗ്രൂപ്പിലൂടെയാണ് ഇയാൾ പ്രചരിപ്പിച്ചത്. നല്ല പ്രിന്റെ ആണെന്നും ഓഡിയോ ഹെഡ്സെറ്റ് ഉപയോഗിച്ച് കേൾക്കണമെന്നും ആവശ്യപ്പെട്ട് സിനിമ പല ഗ്രൂപ്പുകളിലേക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവാവിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു.

എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്ന് ഞായറാഴ്ച രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കൂടുതൽ ആളുകൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച മിക്ക ആളുകളും സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്.