എം.എം നരവനെ ജ. ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായേക്കും; തീരുമാനം ഉടന്‍

ജനറല്‍ ബിപിന്‍ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറില്‍ നിമജ്ജനം ചെയ്യും. ഇതിനായി ബന്ധുകള്‍ രാവിലെ ഹരിദ്വാറില്‍ എത്തും. കേന്ദ്ര മന്ത്രി അജയ് ഭട്ടും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം കരസേന മേധാവി ജനറല്‍ എം.എം നരവനെ ജനറല്‍ ബിപിന്‍ റാവത്തിന്റെ പിന്‍ഗാമിയായേക്കും. നിലവിലെ സേനാ മേധാവികളില്‍ എം.എം നരവനെയാണ് ഏറ്റവും സീനിയര്‍. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കും.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിന്റെ വിശദാംശങ്ങളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. 2022 ഏപ്രില്‍ വരെയാണ് കരസേനാ മേധാവിയായി നരവണെയ്ക്ക് ചുമതലയുള്ളത്. വ്യോമസേന മേധാവിയായി വി.ആര്‍ ചൗധരി സെപ്റ്റംബറിലും നാവിക സേന മേധാവിയായി മലയാളിയായ ആര്‍. ഹരികുമാര്‍ നവംബര്‍ 30നുമാണ് ചുമതലയേറ്റത്. സേന മേധാവിമാര്‍ക്ക് 62 വയസ്സ് അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ ഏതാണോ ആദ്യം പൂര്‍ത്തിയാകുന്നത്, അതുവരെയാണ് ചുമതല വഹിക്കാന്‍ കഴിയുക.