പ്ലസ് സൈസ് മോഡൽ ഇന്ദുജ വിവാഹിതയാകുന്നു, പെണ്ണുകാണൽ വീഡിയോ വൈറൽ

വെളുത്ത് മെലിഞ്ഞിരിക്കുന്നവരെയാണ് പൊതുവേ മലയാളികൾ സൗന്ദര്യമുള്ളവരായി കണക്കാക്കുന്നത്. മലയാളത്തിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിലും ഫോട്ടോഷൂട്ടുകളിലും ഉള്ള പെൺകുട്ടികളെ കാണുമ്പോഴേ ഈ കാര്യം അടിവരയിട്ട് ഉറപ്പിക്കാം. മലയാളികളുടെ ഈ അഭിരുചി മുതലെടുത്ത് കൊണ്ട് പരസ്യ കമ്പനിക്കാർ വീണ്ടും വീണ്ടും ഇത് പോലെയുള്ള പെൺകുട്ടികളെ മാത്രമാണ് മോഡലിങ്ങിനായി ക്ഷണിക്കുന്നതും. അത്തരം സങ്കൽപ്പങ്ങളെ പാടെ കളഞ്ഞ മോഡലാണ് ഇന്ദുജ പ്രകാശ്.

ഇന്ദുജയുടെ ജീവിതത്തിലെ ഒരു സന്തോഷ വാർത്തയാണ് താരം ഇപ്പോൾ പങ്കുവച്ചിരിയ്ക്കുന്നത്. അതെ ഇന്ദുജ പ്രകാശ് വിവാഹിതയാകാൻ പോകുന്നു. പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞു. ഒരു പെണ്ണു കാണൽ മഹാമഹം എന്ന് പറഞ്ഞുകൊണ്ട് ഇന്ദുജ തന്നെയാണ് വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പെണ്ണുകാണൽ വെറുമൊരു ചടങ്ങ് മാത്രമാണ് എന്നും, ഇരുവരും നേരത്തെ തന്നെ പരിചയമുള്ളവരാണ് എന്നും ഇന്ദുജയുടെ നേരത്തെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ കണ്ടാൽ മനസ്സിലാവും.

സീ മലയാളം ചാനലിലെ ബസിംഗ ഫാമിലി ഫെസ്റ്റിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഇന്ദുജയ്‌ക്കൊപ്പം ഇദ്ദേഹം ഉണ്ടായിരുന്നു. രഞ്ജു എന്നാണ് പേര്. സുഹൃത്ത് എന്ന് പറഞ്ഞാണ് ഇന്ദുജ അന്ന് ഷോയിൽ രഞ്ജുവിനെ പരിചയപ്പെടുത്തിയത്. ചില സോഷ്യൽ മീഡിയ പോസ്റ്റുകളിലും രഞ്ജു പിള്ളയെ ഇന്ദുജ ടാഗ് ചെയ്തത് കാണാം. ഫോട്ടോഷൂട്ടിനും ചില സ്വകാര്യ ചടങ്ങുകളിലും എല്ലാം ഇന്ദുജയ്‌ക്കൊപ്പം രഞ്ജുവും ഉണ്ടായിരുന്നു. യൂട്യൂബ് വീഡിയോസിലും ഇന്ദുജ രഞ്ജുവിനെ സ്ഥിരം കൊണ്ടുവരാറുണ്ട്. ലൈഫിൽ ഒരുപാട് കഷ്ടപ്പെട്ട് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഇന്ദുജ പ്രകാശ്. പരിഹാസങ്ങളും വിമർശനങ്ങളും പോസിറ്റീവായി കണ്ടുകൊണ്ടാണ് എല്ലാത്തിനെയും അതിജീവിക്കാനുള്ള ആത്മവിശ്വാസം തനിയ്ക്ക് ഉണ്ടായത് എന്ന് ബസിംഗ ഫാമിലി ഫെസ്റ്റിൽ വന്നപ്പോൾ ഇന്ദുജ പറഞ്ഞിരുന്നു