പ്രധാനമന്ത്രി ഐ.എസ്.ആർ.ഒയിൽ, വൻ വരവേല്പ്പ്, ശാസ്ത്രഞ്ജരെ അഭിനന്ദിച്ചു

‘രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാൻ 3ന്റെ വിജയ ശിൽപ്പികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഎസ്ആർഒ യിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരേയും നേരിൽ കണ്ടു അഭിനന്ദനം അറിയിക്കുകയിരുന്നു അദ്ദേഹം.

“ചന്ദ്രയാൻ-3 ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ശാസ്ത്രജ്ഞരുടെ സംഘവുമായി സംവദിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വികാരാധീനനായി.”ഇന്ത്യ ചന്ദ്രനിലാണ്. നമ്മുടെ ദേശീയ അഭിമാനം ചന്ദ്രനിൽ സ്ഥാപിച്ചിരിക്കുന്നു,” ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ കമാൻഡ് സെന്ററിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞു.”ചന്ദ്രയാൻ -3 ദൗത്യത്തിന്റെ വിജയം ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ ചരിത്രത്തിലെ അസാധാരണ നിമിഷമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു”

ഇന്ത്യയുടെ ശാസ്ത്രനേട്ടത്തിൽ ലോകരാജ്യങ്ങൾ അഭിമാനിക്കുന്നുവെന്ന് മോദി ബെംഗളൂരു വിമാനത്താവളത്തിന് സമീപം സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. ജയ് ജവാൻ, ജയ് കിസാൻ, ജയ് വിഗ്യാൻ, ജയ് അനുസന്ധാൻ മുദ്രാവാക്യം മുഴക്കിയ മോദി, ഇസ്രോ ശാസ്ത്രജ്ഞരെ കാണാൻ താൻ കാത്തിരിക്കുകയാണെന്നും അറിയിച്ചു.

ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിംഗ് വേളയിൽ വിദേശപര്യടനത്തിലായതിനാൽ എത്താൻ കഴിഞ്ഞില്ല. അതിനാൽ തിരിച്ച് ആദ്യം ബെംഗളുരുവിലെത്തി ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നു. കർണാടക മുഖ്യമന്ത്രിയോടും ഉപമുഖ്യമന്ത്രിയോടും ഗവർണറോടും പ്രോട്ടോക്കോൾ പ്രകാരം എത്തേണ്ടതില്ലെന്നും താൻ ശാസ്ത്രജ്ഞരെ കാണാൻ മാത്രം എത്തിയതാണെന്നറിയിച്ചിരുന്നു. കൊച്ചുകുട്ടികൾ പോലും ഇവിടെ എത്തിച്ചേർന്നത് സന്തോഷകരമാണ്. അവരാണ് രാജ്യത്തിൻറെ ഭാവിയെന്നും മോദി അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന് പുറത്ത് സജ്ജീകരിച്ച പ്രത്യേക വേദിയിൽ ജനങ്ങളെ അഭിസംബോധന ചെയ്തതിന് ശേഷമാണ് മോദി ശാസ്ത്രജ്ഞരെ കാണാനായി ഇസ്ട്രാക് ക്യാമ്പസിലേക്ക് പുറപ്പെട്ടത്. ഗ്രീസ് സന്ദർശനം പൂർത്തിയാക്കി നേരിട്ടു ബെംഗളൂരുവിലേക്ക് എത്തുകയായിരുന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കാണാൻ കാത്തിരിക്കുന്നു എന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

‘ബെംഗളൂരുവിൽ എത്തി. ചന്ദ്രയാൻ 3 ന്റെ വിജയത്തിലൂടെ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ കാണാൻ കാത്തിരിക്കുന്നു. അവരുടെ സമർപ്പണവും അഭിനിവേശവുമാണ് ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ നേട്ടങ്ങൾക്കു പിന്നിലെ ചാലകശക്തി’– മോദി ട്വീറ്റ് ചെയ്തു. ബെംഗളൂരുവിലെത്തിയ മോദി ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‍വർക്ക്(ഇസ്ട്രാക്) സന്ദർശിക്കും. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ പുരോഗതിയെ കുറിച്ച് ‌ശാസ്ത്രജ്ഞർ പ്രധാനമന്ത്രിയെ അറിയിക്കും. എംപിമാരടക്കമുള്ള ബിജെപി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാനായി ബം​ഗളൂരുവിൽ എത്തിയിരുന്നു.

ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ രാജ്യം വലിയ നേട്ടമാണ് കൈവരിച്ചതെന്നു അദ്ദേഹം ബം​ഗളൂരുവിൽ എത്തിയതിനു പിന്നാലെ വ്യക്തമാക്കി. ദൗത്യം നടക്കുമ്പോൾ താൻ രാജ്യത്തുണ്ടായിരുന്നില്ല. അതിനാൽ താൻ ആകാംക്ഷയിലായിരുന്നു. സന്ദർശനം കഴിഞ്ഞ് നേരെ ഇവിടെ വന്ന് ദൗത്യത്തിൽ പങ്കാളികളായവരെ നേരിട്ട് അഭിനന്ദിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിമാനത്താവളത്തിനു പുറത്ത് ജനങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ഇന്ന് മോദി നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. ബം​ഗളൂരുവിലെ പരിപാടികൾക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. മോദിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ ബംഗളൂരു നഗരത്തിൽ രാവിലെ ആറ് മണി മുതൽ 9.30 വരെ കനത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിലെ ജോഹാനസ് ബർഗിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത മോദി ഗ്രീസ് സന്ദർശനം കൂടി പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. ചന്ദ്രയാന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലേക്ക് പോകുന്നതിന് പകരം ശാസ്ത്രജ്ഞരെ നേരിട്ട് കണ്ട് അഭിനന്ദിക്കാൻ മോദി നേരിട്ട് ബംഗളുരുവിലേക്ക് എത്താൻ തീരുമാനിക്കുകയായിരുന്നു.