അയോധ്യ ക്ഷേത്രം, തൊഴിലാളികള്‍ക്ക് പുഷ്പ വൃഷ്ടി നടത്തി പ്രധാനമന്ത്രി

അയോധ്യ : രാമക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷണം നല്‍കിയിരുന്നു.

പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ ഒരോരുത്തരുടേയും മേല്‍ പ്രധാനമന്ത്രി സ്വയം പുഷ്പ വൃഷ്ടി നടത്തുകയായിരുന്നു. അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം പ്രധാനമന്ത്രി ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നിന്ന തൊഴിലാളികള്‍ക്കെല്ലാം നന്ദി അറിയിക്കുകയായിരുന്നു.

അതേസമയം, നീണ്ട തപസ്യയ്‌ക്കൊടുവില്‍ നമ്മുടെ രാമന്‍ വന്നതായി പ്രധാനമന്ത്രി പ്രതികരിച്ചു . ജനുവരി 22 കലണ്ടറില്‍ രേഖപ്പെടുത്തിയ ദിനം മാത്രമല്ല. കാലചക്രത്തിന്റെ ഉദയം കൂടിയാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകം ഇന്നത്തെ ദിവസം ഓര്‍ത്തിരിക്കും. രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായയതിന് ശേഷം വിശിഷ്ടാതിഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

നീണ്ടകാലത്തെ ബലിദാനങ്ങൾക്കും ത്യാഗങ്ങൾക്കും കാത്തിരിപ്പിനും ശേഷം ഇന്ന് നമ്മുടെ രാമൻ എത്തിയിരിക്കുകയാണ്. നമ്മുടെ രാംലല്ല ഇപ്പോൾ ടെന്റിനകത്തല്ല. നമ്മുടെ രാംലല്ല ഭവ്യമന്ദിരത്തിലാണ്. ഏറെ വൈകാരികമായ നിമിഷമാണിത്. പുതിയകാലഘട്ടത്തിന്റെ ഉദയം.. പുതിയ ഇതിഹാസം ഇവിടെ കുറിക്കപ്പെടുന്നു..

ഞാനിന്ന് രാമനോട് ക്ഷമ ചോദിക്കുകയാണ്. ഞങ്ങളുടെ വിശ്വാസത്തിനും ഭക്തിയിലും എന്തെങ്കിലും കുറവ് വന്നിട്ടുണ്ടാകും, അതാകും ഒരു മന്ദിരം ഉയര്‍ത്തുന്നതിനായി ഇത്രയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. അതിനായി താന്‍ ക്ഷമചോദിക്കുകയാണ്. അത്യതികം വൈകാരികമായാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

ത്രേതായുഗത്തിൽ 14 വർഷമായിരുന്നു രാമന് മാറിനിൽക്കേണ്ടി വന്നത്. എന്നാൽ ഈ യുഗത്തിൽ നൂറ്റാണ്ടുകളോളം രാമന് അയോദ്ധ്യയെ വേർപിരിയേണ്ടി വന്നു. നമ്മുടെ അനേകം തലമുറകളായിരുന്നു അതിന് സാക്ഷ്യം വഹിച്ചത്. ശ്രീരാമപ്രഭുവിന്റെ ഭക്തർ ഈ ചരിത്രനിമിഷത്തെ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുകയാണ്. ഇന്ന് ലോകം മുഴുവന്‍ ദീപാവലി ആഘോഷിക്കുകയാണ്. രാജ്യത്തിന്റെ ഓരോകോണിലും നമ്മുടെ രാമന്‍ എത്തിയതിന് ദീപങ്ങളാല്‍ അലങ്കരിച്ച് സ്വാഗതം അരുളുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.