മകള്‍ വിസ്മയ എഴുതിയ പുസ്തകത്തിന്റെ റിലീസ്, സന്തോഷത്തില്‍ മോഹന്‍ലാല്‍

തന്റെ മകള്‍ വിസ്മയ എഴുതിയ ഇംഗ്ലീഷ് പുസ്തകത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍. പുസ്തകത്തിന്റെ റിലീസ് തീയതിയും മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. തന്റെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് മോഹന്‍ലാല്‍ മകളുടെ പുസ്തകം പുറത്തിറങ്ങാന്‍ പോകുന്ന കാര്യം പറഞ്ഞത്. മകള്‍ എഴുതിയ കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകമാണ് വിസ്മയ എഴുതിയിരിക്കുന്നത്.

വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14ന് ആണ് വിസ്മയ എഴുതിയ പുസ്തകം വില്‍പ്പനയ്ക്കായി എത്തുക എന്ന് മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ അറിയിച്ചു. പെങ്ക്വിന്‍ ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ഒരു വെബ് ലിങ്കും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്. ആമസോണ്‍ വഴി ഓണ്‍ലൈന്‍ ആയി പുസ്തകം വാങ്ങാനാവുന്ന ലിങ്കാണ് മോഹന്‍ലാല്‍ തന്റെ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.

വിസ്മയ സോഷ്യല്‍ മീഡിയകളില്‍ അങ്ങനെ സജീവമല്ല. അടുത്തിടെ പുസ്തകം പുറത്തിറങ്ങുന്ന വിവരം വിസ്മയ തന്നെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാലും സഹോദരിക്കും ആശംസകളുമായി എത്തിയിരുന്നു. ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. വിസ്മയ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്തുളളതാണ് പുസ്തകം.

പൊതു ചടങ്ങുകളിലും കുടുംബ ഫോട്ടോകളിലും വിസ്മയ അങ്ങനെ പ്രത്യക്ഷപ്പെടാറില്ല. അടുത്തിടെ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കുടുംബത്തിനൊപ്പം വിസ്മയയും എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകളിലും പിന്നീട് നടന്ന വിവാഹവിരുന്നിലും മോഹന്‍ലാലും കുടുംബവും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോശഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമായിരുന്നു.