സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു ഉമ്മൻ ചാണ്ടി സർ, അനുശോചനം അറിയിച്ച് നടൻ മോഹൻലാൽ

ഉമ്മന്‍ചാണ്ടി എന്നും പ്രഥമപരിഗണന നല്‍കിയത് സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അവ പരിഹരിക്കാനുമായിരുന്നു. എപ്പോഴും ജനങ്ങള്‍ക്ക് നല്‍കിയ പ്രിയപ്പെട്ട നേതാവും, അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സാര്‍ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പില്‍ അനുശോചിച്ചു.

‘പ്രഥമപരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും, സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹിയുമായിരുന്നു, പ്രിയപ്പെട്ട ഉമ്മൻ ചാണ്ടി സർ. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും എനിക്കുണ്ടായിരുന്നത്.

ദീർഘവീക്ഷണവും ഇച്ഛാശക്തിയുമുള്ള, കർമ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. വേദനയോടെ ആദരാഞ്ജലികൾ’-എന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ നിരവധി ദേശീയ നേതാക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളും അനുശോചനം അറിയിച്ചിട്ടുണ്ട്. സുരേഷ് ഗോപി, ദിലീപ്, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് സുകുമാരൻ, സുരാജ് വെഞ്ഞാറാമൂട് എന്നിവരും ഫേസ്ബുക്ക് കുറിപ്പിലൂടെ അനുശോചിച്ചു.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മകൻ ഉമ്മൻചാണ്ടിയാണ് മരണ വിവരം അറിയിച്ചത്. കേരള കോൺഗ്രസ് രാഷ്‌ട്രീയത്തിലെ നാഴികകല്ലായിരുന്നു ഉമ്മൻചാണ്ടി. 2004-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. പിന്നീട് അഞ്ച് വർഷം പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

2011-ൽ വീണ്ടും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിയായിരിക്കെ ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും കൃത്യമായി മറുപടി നൽകുകയും ആത്മവിശ്വാസത്തോടെ നേരിടുകയും ചെയ്ത നേതാവായിരുന്നു ഉമ്മൻചാണ്ടി.

ഇന്ന് ഉച്ചയ്‌ക്ക് 1.30 ഓടെ അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിയ്‌ക്കും. ദർബാർ ഹാളിലും, കെപിസിസിയിലും, ജഗതിയിലെ പുതുപ്പള്ളി ഹൗസിലും പൊതുദർശനം ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാരചടങ്ങുകൾ നടക്കും.