സ്വപ്ന പഠിച്ച കള്ളി: യുഎഇ കോൺസുലേറ്റിൽ ജോലിക്കെത്തി മൂന്നാം മാസം സാമ്പത്തിക തട്ടിപ്പു നടത്തി: 40 ലക്ഷത്തിന്റെ തട്ടിപ്പ് ഉന്നതർ ഒതുക്കി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെപ്പറ്റി പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കക്കാൻ പഠിച്ചാൽ നിൽക്കാനും സ്വപ്നയ്ക്ക് നന്നായി അറിയാം. ഇപ്പോൾ പുറത്തുവരുന്നത് ലക്ഷങ്ങളുടെ തട്ടിപ്പിന്റെ റിപ്പോർട്ടുകളാണ്. യുഎഇ കോൺസുലേറ്റിൽ ജോലിക്കെത്തി മൂന്നാം മാസം തന്നെ സ്വപ്ന തനി നിറം പുറത്തെടുത്ത് സാമ്പത്തിക തട്ടിപ്പു നടത്തി. യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ പേരിലായിരുന്നു ആ തട്ടിപ്പ്. തട്ടിപ്പ് അധികൃതർ കയ്യോടെ പൊക്കിയപ്പോൾ സ്വപ്നയുടെ ഉന്നതർ സ്ഥലത്തെത്തി എല്ലാം ഒതുക്കി.

സ്വപ്നയുടെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് യുഎഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷനൽ കോഓപ്പറേഷനു രണ്ടു പരാതികൾ ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്. സ്വപ്ന യുഎഇ കോൺസുലേറ്റിൽ ജോലിയിലുണ്ടായിരുന്ന കാലയളവില്‍ 40 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഓഡിറ്റിങ് വിഭാഗത്തിന്റെ കണ്ടെത്തൽ. 2018 ഡിസംബറിലാണ് ഈ പരാതി യുഎഇ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആൻഡ് ഇന്റർനാഷനൽ കോഓപ്പറേഷനു ലഭിച്ചത്. ഓഡിറ്റിങിൽ വലിയ തട്ടിപ്പുകൾ കണ്ടെത്തിയതിനെത്തുടർന്നാണു സ്വപ്ന സുരേഷ് കോൺസുലേറ്റിൽനിന്ന് പുറത്തായതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ഇപ്പോൾ കണ്ടെത്തിയത്.

തട്ടിപ്പുകാരിയെ യുഎഇ കോൺസുലേറ്റ് പുറത്താക്കിയ ശേഷമാണ് ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജർ തസ്തികയിൽ സ്വപ്ന നിയമിക്കപ്പെടുന്നത്. മറ്റൊരു യുവതിയെയാണ് കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ആദ്യം തീരുമാനിച്ചിരുന്നത്. അഭിമുഖം നടത്തുകയും നിയമന കത്ത് അയയ്ക്കുകയും ചെയ്തശേഷമാണു സ്വപ്ന സുരേഷ് ബയോഡേറ്റ നൽകുന്നത്. 2016 സെപ്റ്റംബറിൽ ആദ്യം നിയമിച്ച യുവതിയെ ഒഴിവാക്കി സ്വപ്നയെ നിയമിക്കുകയായിരുന്നു.

സ്വപ്നയുടെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ നല്ല അഭിപ്രായമല്ല കോൺസുലേറ്റിലെ ഉദ്യോഗസ്ഥർക്കു ലഭിച്ചത്. എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപരാതി നൽകിയതിനു കേസ് നിലനിൽക്കുന്ന കാര്യവും അവരുടെ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതെല്ലാം മറികടന്നാണു സ്വപ്നയെ കോൺസുലേറ്റിൽ നിയമിച്ചത്. അതേസമയം സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്‍റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇതിനിടയിൽ സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടാൻ‌ നടപടികള്‍ തുടങ്ങി. ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു.