വ്യാജ ഡിഗ്രി വിവാദത്തിൽ കൂടുതൽ നടപടി , നിഖിൽ തോമസിന്റെ എം.കോം പ്രവേശനം റദ്ദാക്കി വിസി

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെതിരെ കടുത്ത നടപടിയുമായി കേരള സർവകലാശാല. കലിംഗ സർവകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് കായംകുളം എംഎസ്എം കോളേജിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെ നിഖിലിന്റെ എം.കോം പ്രവേശനം കേരള സർവകലാശാല വിസി റദ്ദാക്കി.

കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ല നിഖിൽ തോമസ് എന്നും ഇയാളുടെ ഡിഗ്രി വ്യാജമാണെന്നും കലിംഗ സർവകലാശാല വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. സർവകലാശാലയുടെ വിശ്വാസ്യതയ്‌ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരെ നടപടി കൈക്കൊള്ളണമെന്നും കേരള സർവകലാശാല രജിസ്ട്രാറോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടു.

വിശദീകരണം ലഭിച്ചശേഷം കോളേജിനെതിരെ നടപടി കൈക്കൊള്ളും. നിഖിലിന്റെ ബി.കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കുവാനും വിസി ഉത്തരവിട്ടിട്ടുണ്ട്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡിഗ്രികൾ വച്ച് കേരളയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ ഡിഗ്രികൾ പരിശോധിക്കുന്ന നടപടിയിലേക്കും കടക്കും. പോലീസിന്റെ എട്ടംഗ സംഘമാണ് നിഖിലിന്റെ കേസ് അന്വേഷിക്കുന്നത്. നിഖിൽ തോമസ് ഇപ്പോഴും ഒളിവിലാണ്.