നിരന്തരം പ്രണയാഭ്യര്‍ത്ഥന, നിരസിച്ചതോടെ പിന്തുടര്‍ന്ന് ശല്യം, ടീനേജ് പിള്ളേര്‍ കാമുകിക്ക് അയക്കുന്ന മെസേജുകള്‍, മഞ്ജുവിന്റെ പരാതിയിലെ വിവരങ്ങള്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ മഞ്ജു വാര്യരുടെ പരാതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംവിധായകനില്‍ നിന്നുള്ള നിരന്തര ശല്യം സഹിക്കാനാവാതെയാണ് നടി കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കിയത്. കയറ്റം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് മഞ്ജു വാര്യരോട് തോന്നിയ പ്രണയം സനല്‍ കുമാര്‍ തുറന്ന് പറഞ്ഞിരുന്നു. സനല്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു അഭിനയിക്കുകയും ചിത്രം നിര്‍മ്മിക്കുകയും ചെയ്തിരുന്നു.

ഇത്രയും താര പരിവേഷമുള്ള ഒരു നടിയോട് സാധാരണ എല്ലാവര്‍ക്കും തോന്നുന്ന ഒരു ഇഷ്ടം എന്നാണ് ആദ്യം എല്ലാവരും കരുതിയത്. മഞ്ജുവും കൂടെയുള്ളവരും അത് കാര്യമായി എടുത്തതുമില്ല. എന്നാല്‍ അതിനു ശേഷമാണ് കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്ക് മാറിയത്. നിരന്തരമായ പ്രണയാഭ്യര്‍ത്ഥന കൂടി വന്നതോടെ സംവിധായകന്റെ കോളുകള്‍ പിന്നീട് മഞ്ജു എടുക്കാതെയായി…

തുടര്‍ന്ന് സംവിധായകന്‍ വാട്സാപ്പില്‍ മെസേജ് ചെയ്യാന്‍ ആരംഭിച്ചു. അവിടെയും ബ്ലോക്ക് ചെയ്തു ഒഴിവാക്കിയ മഞ്ജുവിനെ ഞെട്ടിച്ചു എസ് എം എസും മെയിലും ചെയ്യാന്‍ തുടങ്ങി. മഞ്ജു വാര്യരുടെ അടുത്ത കേന്ദ്രങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞത് പ്രകാരം ടീനേജില്‍ നില്‍ക്കുന്ന കോളേജ് കാമുകന്‍ തന്റെ കാമുകിയെ വര്‍ണ്ണിച്ച കത്തെഴുതുന്നത് പോലെയാണ് സംവിധായകന്‍ മഞ്ജു വാര്യര്‍ക്ക് അയച്ച മെയിലിന്റെ ഉള്ളടക്കം എന്നാണ്.

പിന്തുടരല്‍ കൂടിയപ്പോള്‍ മഞ്ജുവും വേണ്ടപ്പെട്ടവരും സനലിനെ നേരിട്ട് വിളിച്ചും മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇത് കൂട്ടാക്കാന്‍ സനല്‍ തയ്യാറായില്ല. പിന്തുടരലും ഫേസ്ബുക്കില്‍ പോസ്റ്റുകളും കൂടി കൂടി വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സനല്‍ കുമാര്‍ ശശിധരന്‍ തനിക്കയച്ച മെസേജുകളും മെയിലിന്റെയും എല്ലാ സ്‌ക്രീന്‍ഷോട്ടും റെക്കോഡുകളും സഹിതമാണ് മഞ്ജു പരാതി നല്‍കിയത്.

വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് മഞ്ജുവിന്റെ ഒപ്പമുള്ളവര്‍ ആണ് മഞ്ജുവിന്റെ ജീവന് ആപത്ത് എന്ന് പറഞ്ഞു പരത്തുന്ന സംവിധായകന്‍ തന്നെ, പ്രണയം നിരസിച്ചതിന്റെ പേരില്‍ അവരെ ആക്രമിക്കുകയും അത് കൂടെയുള്ളവരുടെ പേരില്‍ ആരോപിക്കുകയും ചെയ്യുമോ എന്ന ഭയം മഞ്ജുവിനും ഉള്ളത് കൊണ്ടും കൂടിയാണ് പരാതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത് എന്നാണ് വിവരം.