ആര്യൻ ഖാനെ ലഹരിക്കേസിൽ കുടുക്കി പണം വാങ്ങാനായിരുന്നു നീക്കം, സിബിഐ സമർപ്പിച്ച എഫ്‌ഐആറിലെ വിവരങ്ങൾ പുറത്ത്

ന്യൂഡല്‍ഹി. ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കാന്‍ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടന്ന് ആരോപണം നേരിടുന്ന മുന്‍ എന്‍സിബി മുംബൈ മേധാവി സമീര്‍ വാങ്കഡെയ്ക്കും മറ്റ് നാല് പേര്‍ക്കുമെതിരെ സിബിഐ സമര്‍പ്പിച്ച എഫ്‌ഐആര്‍ പുറത്ത്. ഷാറുഖാനിന്‍ നിന്നും ആര്യന്‍ ഖാനെ ലഹരിക്കേസില്‍ കുടുക്കാതിരിക്കുവാന്‍ 25 നേടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

കൈക്കൂലി ലഭിക്കുവാന്‍ കേസിലെ സാക്ഷിയായ കെപി ഗോസാവിക്കൊപ്പം ചേര്‍ന്ന് സമീര്‍ വാങ്കഡെ ഗൂഢാലോചന നടത്തി. ഇത് അനുസരിച്ച് ഗോസാവി 25 കോടി ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ 18 കോടിക്ക് സമ്മതിക്കുകയും ചെയ്തു. ആദ്യ ഗഡുവായി 50 ലക്ഷം വാങ്ങിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

കേസില്‍ സമീര്‍ ബാങ്കഡെയെ കൂടാതെ എന്‍സിബി എസ്പി വിശ്വ വിജയ് സിങ്, എന്‍സിബിയുടെ ഇന്റലിജന്‍സ് ഓഫിസര്‍ ആശിഷ് രജ്ഝന്‍, കെപി ഗോസാവി, ഇയാളുടെ സഹായി സാന്‍വില്‍ ഡിസുസ എന്നിവര്‍ക്കെതിരായ എഫ്‌ഐആര്‍വെള്ളിയാഴ്ചയാണ് സമര്‍പ്പിച്ചത്. മുംബൈ, ഡല്‍ഹി, റാഞ്ചി, കാന്‍പൂര്‍ എന്നിവിടങ്ങളിലായി വാങ്കഡെയുമായി ബന്ധമുള്ള 29 ഇടങ്ങളില്‍ സിബിഐ പരിശോധന നടത്തി.

കൈക്കൂലിയുടെ മുന്‍കൂര്‍ തുകയായ 50 ലക്ഷം രൂപ വാങ്കഡെയും കൂട്ടാളികളും കൈപ്പറ്റിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 2021 ഓക്ടോബറിലാണ് ആര്യന്‍ ലഹരിക്കേസില്‍ പിടിയിലാകുന്നത്. കേസില്‍ ആര്യന്‍ ഖാന്‍ ഉണ്ടായിരുന്നത് മുതലെടുത്താണ് ഷാറുഖിനോട് 25 കോടി പ്രതികള്‍ ആവശ്യപ്പെട്ടത്.