ബി ജെ പിയുടെ ചിഹ്നമായ താമരക്കെതിരെ മുടന്തൻ ന്യായവുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍.

ന്യൂ ഡൽഹി . ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരക്ക് എതിരെ മുടന്തൻ ന്യായവുമായി മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍. താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്നാണ് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് പുതിയ വാദവുമായി മുസ്ലീം ലീഗിന്റെ വരവ്.

നേരത്തെ മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ നിന്ന് മതങ്ങളുടെ പേര് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയ ഹര്‍ജിയിന്മേൽ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ മുസ്ലീം ലീഗ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറില്‍ അധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് ഉണ്ടെന്നും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനവും ആശയവും മതേതരമാണെന്നുമായിരുന്നു ലീഗിന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

ബി ജെ പിയുടെ താമര ചിഹ്നത്തിനെതിരെ ലീഗ് നൽകിയ ഹര്‍ജിയില്‍ ബി ജെ പിയേയും കക്ഷി ചേര്‍ക്കണം എന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടുണ്ട്. മുസ്ലീം ലീഗിനായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്. ബി ജെ പിക്ക് പുറമെ ശിവസേന, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണം എന്നും മുസ്ലീം ലീഗ് ആവശ്യപ്പെടുന്നു.

ഇതിനിടെ സമാനമായ ഒരു ഹര്‍ജി ചൊവ്വാഴ്ച ദല്‍ഹി ഹൈക്കോടതി പരിഗണിക്കുകയാണ്. അതിനാല്‍ ഈ ഹര്‍ജിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം എന്നും സുപ്രീംകോടതി ആവശ്യപ്പെട്ടുണ്ട്. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കണം എന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണം എന്നുമാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിലെ മുഖ്യ ആവശ്യം.