ഹിജാബും ഷൂസും ധരിച്ച് ക്ഷേത്രപടിക്കെട്ടില്‍ യുവതി, മതസ്പര്‍ദ്ദ വളര്‍ത്തുന്നതായി പരാതി, യുവതിക്കും പണികിട്ടും

വാണിയമ്പലം: തലയില്‍ ഹിജാബ് ധരിച്ച് കാലില്‍ ഷൂസും ധരിച്ച് വാണിയമ്പലം ശ്രീ ത്‌രിപുരസുന്ദരി ദേവി ക്ഷേത്രത്തിന്റെ പടിക്കെട്ടില്‍ മുസ്ലീം യുവതി ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മതവികാരം വൃണപ്പെടുത്തി എന്ന അഭിപ്രായം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പോലീസില്‍ പരാതി വരെ എത്തിയിരിക്കുകയാണ്.

ചിത്രത്തിലുള്ള യുവതി ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ചിത്രം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ക്ഷേത്രം സെക്രട്ടറി ശരത് കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. ചിത്രം അടക്കമാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ചിത്രം പ്രചരിപ്പിക്കുന്നത് ഹിന്ദു മുസ്ലിം സംഘര്‍ഷമുണ്ടാക്കാനും സാമൂഹിക കലാപത്തിനും ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ വണ്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ ഹിന്ദു ഐക്യവേദിയും പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറയുന്നതിങ്ങനെ, ഈ ഫോട്ടോയില്‍ കാണുന്ന ഏകദേശം 18 വയസ്സിനു മുകളില്‍ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടി ഷൂ ഇട്ടു മലപ്പുറം വാണിയമ്ബലം ക്ഷേത്രത്തിന്റെ പടിയില്‍ ഇരിക്കുന്നതായും ഫോട്ടോ എടുത്തു സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയതിനു തെളിവായി ചുവടെ ഫോട്ടോ കൊടുക്കുന്നു..

ടി ആളുടെ മനഃപൂര്‍വ്വമായ ഈ പ്രവര്‍ത്തി ഹിന്ദു മുസ്ലിം സംഘര്‍ഷമുണ്ടാക്കാനും തദ്വാരാ സാമൂഹിക കലാപത്തിനും ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ ടി യാളുടെ പ്രവര്‍ത്തി മത സ്പര്‍ദ്ധ യുണ്ടാക്കുന്നതും മത വികാരം വ്രണപ്പെടുത്തുന്നതുമാണ് എന്നതിനാല്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ സെക്ഷന്‍ 153, 153 A, 295 Aവകുപ്പ് പ്രകാരം അന്വേഷണം നടത്തി കേസെടുക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു.