വിവാദപരാമര്‍ശം ; വസ്ത്രത്തിന്റെ മാന്യത പോലും കാട്ടിയില്ല; ഫാദര്‍ ഡിക്രൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. മന്ത്രി വി.അബ്ദുറഹ്മാനെതിരെ വിവാദപരാമര്‍ശത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഫാദര്‍ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെ മാന്യതയ്ക്ക് പോലും വില കല്‍പ്പിക്കാത്ത പ്രസ്താവനയാണ് അബ്ദുറഹ്മാനെതിരെ നടത്തിയതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

പേര് നോക്കി വര്‍ഗീയത പ്രഖ്യാപിക്കുന്ന വര്‍ഗീയ നിലപാട് അദ്ദേഹത്തിന് തന്നെയാണ് ചേരുക. നാക്കുപിഴ എന്നാണ് പറഞ്ഞത്. നാക്കുപിഴ അല്ല അത്. ഒരു മനുഷ്യന്റെ മനസ്സാണത്. വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആ പദപ്രയോഗം നടത്താന്‍ സാധിക്കുകയുള്ളൂ. ഒരു മന്ത്രിയുടെ പേര് മുസ്ലിംപേരായതുകൊണ്ട് അയാള്‍ തീവ്രവാദി എന്ന് പറയണമെങ്കില്‍ വര്‍ഗീയതയുടെ അങ്ങേയറ്റത്തെ മനസ്സുള്ള ഒരാളാകണം. വികൃതമായ ഒരു മനസ്സ്. അതാണ് ആ മനുഷ്യന്‍ പ്രകടിപ്പിച്ചത്’ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ മുന്‍നിര്‍ത്തിയാണ് ഒരു ഘട്ടത്തില്‍ അവിടെ സമരം ആരംഭിക്കുന്നത്. ആ സമരത്തിന്റെ ഭാഗമായി ഉയര്‍ത്തിയ മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിഹാരിക്കാനാവശ്യമായത് സര്‍ക്കാര്‍ ചെയ്തു. ഏഴില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചു. അവശേഷിക്കുന്ന കാര്യം വിഴിഞ്ഞം തുറമുഖത്തിന്റെ പണി തുടരരുത് എന്നാണ്. അതിനോട് യോജിക്കാനാകില്ല. നമ്മുടെ വളര്‍ച്ചയില്‍ സ്വാധീനിക്കാന്‍ കഴിയുന്ന പദ്ധതിയായതിനാല്‍ ഒഴിവാക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി

‘തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കപ്പെട്ടതിന് ശേഷം ഈ ഒറ്റപ്രശ്‌നത്തിലാണ് കലാപം സൃഷ്ടിക്കുന്നത്. സമരത്തിന് ഞങ്ങള്‍ എതിരല്ല. പോലീസ് സ്‌റ്റേഷന്‍ ആക്രമണം യാദൃശ്ചികമായി ഉണ്ടായതല്ല. ആസൂത്രിതമായി നടത്തിയതാണെന്ന് എല്ലാവര്‍ക്കും അറിയാം. വളരെ ക്രൂരമായിട്ടാണ് ജനങ്ങളേയും പോലീസിനേയും അക്രമിച്ചത്. ഇതിന് പിന്നില്‍ ഒരു ഗൂഢഉദ്ദേശ്യമുണ്ട്. അത് അവര്‍ പരസ്യമായി പറയില്ല. സമരം തീരാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം അവിടെയുണ്ട്. അവരാണ് കലാപത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.