ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുവീണ് വിദ്യാര്‍ഥിനി; ബസ് നിർത്താതെ പോയി

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. പാറശാല ഐ.ടി.ഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി മന്യക്കാണ് കളിയിക്കാവിള ബസില്‍ നിന്ന് വീണ് പരുക്കേറ്റത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര ടി.ബി.ജംഗ്ഷനിൽ രണ്ടുദിവസം മുമ്പ് രാവിലെയാണ് അപകടം നടന്നത്. പാറശാല ഐ.ടി.ഐയിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി മന്യക്കാണ് ബസില്‍ നിന്ന് വീണ് പരുക്കേറ്റത്.

ബസിലുള്ളവര്‍ ബഹളം വച്ചിട്ടും നിര്‍ത്തിയില്ലെന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ജിനു മപറഞ്ഞു. പെണ്‍കുട്ടി വീണയുടന്‍ അബോധാവസ്ഥയിലായി. പിന്നിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തിയതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. തിരക്കേറിയ ബസിന്‍റെ വാതില്‍ക്കല്‍ നിന്ന വിദ്യാര്‍ഥിനി തെറിച്ചുവീഴുകയായിരുന്നു.

വിദ്യാര്‍ഥിനി വീണിട്ടും നിര്‍ത്താതെ പോയ ബസ് അരകിലോമീറ്റര്‍ മാറി പൊലീസ് തടഞ്ഞു. ബോധരഹിതയായി കിടന്ന മന്യയെ പിന്നാലെ വന്ന ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിച്ചത്. താടിയെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ഥിനി നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിൽ കഴിയുകയാണ്.