ഗവര്‍ണര്‍ ശ്രമിക്കുന്നത് സംഘപരിവാറിന്റെ പ്രധാന ലിസ്റ്റില്‍ കയറാനെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം. ശബരിമലയെ അപവാദ പ്രചരണത്തിന് ഉപയോഗിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശബരിമലയിലെ പ്രശ്‌നം ആദ്യം ബിജെപി ഏറ്റെടുക്കുകയും പിന്നീട് അത് യുഡിഎഫ് ഏറ്റെടുക്കുകയും ചെയ്തു. ബസില്‍ കരയുന്ന കുട്ടിയുടെ ചിത്രം കാട്ടി ശബരിമലയിലെ പീഡനമാണെന്ന് ആരോപിക്കുന്നതിലേക്ക് കാര്യങ്ങളെത്തി.

എന്താണ് വസ്തുത എന്ന് എല്ലാവര്‍ക്കും പിന്നീട് മനസ്സിലായി. കള്ളപ്രചരണം ജനങ്ങള്‍ തള്ളിക്കളയുമെന്ന് നവകേരള സദസ്സിലെ ജന പങ്കാളിത്തം തെളിയിച്ചു. നവകേരള സദസ്സ് മുന്നോട്ട് വെക്കുന്ന പ്രധാന പ്രശ്‌നം ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തോട് കേന്ദ്രം കാണിക്കുന്ന സാമ്പത്തിക ഉപരോധമാണെന്നും ഗോവിന്ദന്‍.

ഗവര്‍ണറായിട്ടുള്ള അദ്ദേഹത്തിന്റെ കാലാവധി ചുരുക്കം മാസങ്ങള്‍ക്കൂടി മാത്രമാണുള്ളത്. ഈ ചുരുങ്ങിയ കാലയളവില്‍ സംഘപരിവാറിന്റെ പ്രധാന ലിസ്റ്റിലേക്ക് എങ്ങനെ കടന്ന് വരാമെന്നാണ് അദ്ദേഹം ആലോചിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരണ വേലകള്‍ ഒരു ഗവര്‍ണര്‍ക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം തീരുമാനിക്കട്ടെയെന്നും ഗോവിന്ദന്‍ പറഞ്ഞു.