തിരിച്ചടിച്ച് എംവി‌ഡി, കെഎസ്ഇബി വാഹനത്തിലെ ബോ‌ർഡിന് പിഴ ചുമത്തിയത് 3250 രൂപ

കാസർകോട്: കെഎസ്‌ഇബി-എംവിഡി പോര് അവസാനിക്കുന്നില്ല. കാസ‌ർകോട് കെ എസ് ഇ ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തിൽ കെ എസ് ഇ ബി എന്ന ബോർഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തി. ആർ.ടി.ഒയുടെ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചതെന്ന് കാണിച്ചാണ് എം‌വി‌ഡി നടപടി എടുത്തത്. കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ‌ടി‌ഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെയാണ് പ്രതികാര നടപടി എന്ന രീതിയിൽ എംവി‌ഡയും തിരിച്ചടിച്ചത്.

വയനാട്ടിൽ കെ.എസ്.ഇ.ബി. അവരുടെ വാഹനത്തിന് മുകളിൽ തോട്ടി കൊണ്ടു പോയി എന്ന് ചൂണ്ടിക്കാട്ടി എ ഐ ക്യാമറകൾ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെഎസ്‌ഇബി-എംവിഡി പോരാണ് ഇപ്പോഴും തുടരുന്നത്. ഇതിന് തൊട്ടുപിന്നാലെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി ആർ.ടി.ഒ. ഒഫീസിന്റെ ഫീസ് ഊരിയിരുന്നു. ഇതോടെയാണ് കെ.എസ്.ഇ.ബിയും ആർ.ടി.ഒയും തമ്മിലുള്ള പോര് തുടങ്ങിയത്.

വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെ.എസ്.ഇ.ബി ഊരിയിരുന്നു. ഈ മാസം 26ന് 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി കഴിഞ്ഞതോടെയാണ് ഫ്യൂസ് ഊരുന്ന നടപടിയിലേക്ക് കടന്നതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.

വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയിരുന്നു. ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് ബില്ലടച്ച ശേഷമാണു വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.