മമ്മൂട്ടി ചിത്രത്തിലെ നായിക ആകേണ്ടിയിരുന്നത് നമിത, എന്നാല്‍ പിന്നീട് സംഭവിച്ചത്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് നമിത. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമയിലാണ് നടി തിളങ്ങി നില്‍ക്കുന്നത്. ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പവും മികച്ച സംവിധായകര്‍ക്കൊപ്പവും നമിത അഭിനയിച്ചിട്ടുണ്ട്. നിര്‍മ്മാതാവും നായികയുമായി മലയാളത്തിലേക്ക് തിരികെ എത്താന്‍ ഒരുങ്ങുകയാണ് നമിത ഇപ്പോള്‍.

സൂപ്പര്‍ഹിറ്റായ ഒരു മമ്മൂട്ടി ചിത്രത്തില്‍ തനിക്ക് അവസരം ലഭിച്ചിരുന്നു എന്ന് പറയുകയാണ് നടി. സിദ്ദിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ച്‌ലര്‍ എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചിരുന്നു എന്നാല്‍ പിന്നീട് ആ അവസരം നഷ്ടപ്പെടുകയുമായിരുന്നു. ചിത്രത്തില്‍ രംഭ അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന്റെ റോളിലേക്കാണ് തന്നെ വിളിച്ചത്. ആ സമയത്തൊന്നും തനിക്ക് മാനേജരൊന്നുമുണ്ടായിരുന്നില്ലെന്നും ആ അവസരം നഷ്ടമായതില്‍ ഇപ്പോഴും സങ്കടം തോന്നാറുണ്ട്. എന്നാല്‍ ക്രോണിക് ബാച്ചിലറിന്റ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചു.

തമിഴിലെ മുന്‍നിര നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിട്ടുണ്ടെന്നും അജിത്തിനൊപ്പം അഭിനയിച്ച ബില്ലയും വിജയ് യുടെ അഴകിയ തമിഴ് മകനുമാണ് തന്റെ പ്രിയ സിനിമകള്‍. താന്‍ കണ്ട ഏറ്റവും നല്ല വ്യക്തിത്വത്തിനുടമയും കഠിനാദ്ധ്വാനിയായ നടന്‍ പ്രഭാസാണ്. തെലുങ്ക് ബില്ലയില്‍ അഭിനയിച്ചപ്പോള്‍ അതു കണ്ടറിഞ്ഞു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയും താരം മനസ്സുതുറന്നു. നായികയായി അഭിനയിച്ചാണ് താന്‍ സിനിമയിലേക്ക് വരുന്നത്. എന്നാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ വന്നപ്പോള്‍ അത് വേണ്ടെന്ന് വെച്ചിട്ടില്ല. ഗ്ലാമര്‍ കാട്ടാന്‍ താന്‍ ഒരുക്കമാണ്.