നരേന്ദ്ര മോദി ലോക സമാധാന കമ്മീഷന്റെ തലപ്പത്ത്

ലോക സമാധാനത്തിനായുള്ള ആഗോള കമ്മീഷന്റെ തലപ്പത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമാധാനത്തിനായി ഐക്യ രാഷ്ട്ര സഭ തലത്തിൽ രൂപീകരിച്ച കമ്മീഷനിലാണ് മോദിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകത്തെ 193 രാജ്യങ്ങളുടെ തലപ്പത്തായിട്ടാണിത്. കമ്മീഷനിൽ വെറും മൂന്നു അംഗങ്ങൾ മാത്രമാണുള്ളത്. അതിൽ ഒരാളാണ് മോദി.

ലോക സമാധാനത്തിനായുള്ള “ആഗോള പ്രമുഖരുടെ കമ്മീഷനിൽ” ലോക സമ്മതനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരിക്കുകയാണ്. മെക്സിക്കൻ പ്രസിഡൻറ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ആണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉൾപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ മൂന്നംഗ സമാധാന കമ്മീഷന് രൂപം നൽകിയിരിക്കുന്നത്. ആഗോള പ്രമുഖരുടെ കമ്മീഷനിലൂടെ ലോക സമാധാനം സാധ്യമാകുമെന്നാണ് മെക്സിക്കൻ പ്രസിഡൻറ് ഐക്യ രാഷ്ട്ര സഭയുടെ വാർഷിക സമ്മേളനത്തിൽ പ്രഖ്യാപിക്കാനിരിക്കുന്നത്.

നരേന്ദ്ര മോദിയെ കൂടാതെ പ്രസിഡന്റ് ഒബ്രഡോറിന്റെ “ആഗോള പ്രമുഖരുടെ കമ്മീഷനിൽ” പോപ്പ് ഫ്രാൻസിസും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഉൾപ്പെടുന്നുണ്ട്. വത്തിക്കാൻ എന്ന ചെറിയ രാജ്യത്തിൻറെ തലവൻ എന്ന പേരിൽ അല്ല മറിച്ച് ആഗോള കത്തോലിക്കാ തലവൻ എന്ന പേരിലാണ് ഒബ്രഡോർ, പോപ്പ് ഫ്രാൻസിസിനെ മൂന്നംഗ സമാധാന കമ്മീഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അംഗമായ കമ്മീഷനിൽ ലോകത്ത് ഏറ്റവും സ്വാധീനമുള്ള രാഷ്ട്ര തലവൻ എന്ന സ്ഥാനത്താണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേര് അംഗമാക്കപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം.

മെക്സിക്കൻ പ്രസിഡൻറ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടുത്തി അഞ്ച് വർഷത്തെ ആഗോള ഉടമ്പടിക്ക് നേതൃത്വം നൽകിയിരിക്കുകയാണ്. ഇത് ലോകത്ത് നിലവിൽ നടക്കുന്ന വിവിധ സംഘർഷങ്ങൾക്ക് അറുതിവരുത്തും എന്ന പ്രഖ്യാപനം മെക്സിക്കോ സിറ്റിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മിസ്റ്റർ ഒബ്രഡോർ നടത്തിക്കഴിഞ്ഞു.

ആഗോള പ്രമുഖരുടെ കമ്മീഷനിലൂടെ ലോകത്ത് സമാധാനം ഉണ്ടാക്കാൻ കഴിയുമെന്ന് ഉറപ്പിച്ച് പറയുന്ന ഒബ്രഡോർ, താനിത് യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ഒബ്രഡോർ പറഞ്ഞ വാക്കുകൾ ഇങ്ങനെ: “ഞാൻ നിർദ്ദേശം രേഖാമൂലം നൽകും. ഞാൻ അത് യുഎന്നിൽ അവതരിപ്പിക്കും. ഞാൻ അത് പറയുകയാണ്, അത് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ ഞങ്ങളെ സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”ലോകത്തിൽ സമാധാനത്തിന്റെ ഒരു കാലഘട്ടം സൃഷ്ടിക്കുന്നതിനുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചുകൊണ്ട് മെക്സിക്കോ സിറ്റിയിൽ ഒരു പത്രസമ്മേളനത്തിൽ മിസ്റ്റർ ഒബ്രഡോർ പറയുകയുണ്ടായി.

സെപ്റ്റംബറിൽ ചേരുന്ന യുഎൻ ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ സമാധാന കമ്മീഷനെ ഒബ്രഡോർ അറിയിക്കും. ഉക്രെയ്‌നിലെയും ഗാസയിലെയും പ്രതിസന്ധികളും തായ്‌വാനുമായുള്ള പ്രാദേശിക സംഘർഷവും ആഗോള ബോഡി ചർച്ച ചെയ്യുന്ന സെഷനിൽ മിസ്റ്റർ മോദിയും അംഗരാജ്യങ്ങളിലെ മറ്റ് നേതാക്കളും പങ്കെടുക്കുമെന്ന റിപ്പോർട്ടുകളാണ് ഇതോടൊപ്പം പുറത്ത് വന്നിട്ടുള്ളത്.

2014 മെയ് മാസത്തിലെ തന്റെ ആദ്യ പ്രവർത്തനത്തിന്റെ തുടക്കം മുതൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, റഷ്യ, സൗദി അറേബ്യ, ഭൂട്ടാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്ന് മോദിക്ക് ഉന്നത ബഹുമതികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. അതിനുപുറമെ, അന്താരാഷ്ട്ര സർക്കാരിതര സംഘടനകളിൽ നിന്നും അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും സ്വാധീനമുള്ള രാഷ്ട്ര തലവൻ ആയി മോദിയെ മറ്റൊരു രാഷ്ട്രം യു എന്നിന് മുന്നിൽ നിർദേശിക്കുകയാണ്. വൻശക്തികൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനവും യശ്ശസ്സും ഉയർത്തുന്നതാണിത്.