മണലാരണ്യത്തിലെ ഹൈന്ദവക്ഷേത്ര നിർമ്മാണം, ചർച്ച ചെയ്ത് നരേന്ദ്ര മോദിയും ബാപ്‌സ് ഹിന്ദു മന്ദിർ തലവൻ സ്വാമി ബ്രഹ്മവിഹാരിദാസും

അബുദാബി മുറൈഖ ഏരിയയിലെ ഹിന്ദു ശിലാക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്ഘാടനത്തെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബാപ്‌സ് ഹിന്ദു മന്ദിർ തലവൻ സ്വാമി ബ്രഹ്മവിഹാരിദാസും ചർച്ച ചെയ്തു. 2024 ഫെബ്രുവരി 14-ന് നടക്കുന്ന ഉദ്ഘാടന ആഘോഷമായ ‘ഫെസ്റ്റിവൽ ഓഫ് ഹാർമണി’യുടെ വിശദാംശങ്ങൾ ന്യൂഡൽഹിയിൽ നടന്ന അരമണിക്കൂർ കൂടിക്കാഴ്ചയിൽ ബ്രഹ്മവിഹാരിദാസ് മോദിയെ അറിയിച്ചു.

യുഎസിലെ ന്യൂജഴ്‌സിയിലെ റോബിൻസ്‌വില്ലിലുള്ള ബാപ് സ് സ്വാമിനാരായണ മന്ദിറിൽ നടന്നുകൊണ്ടിരിക്കുന്ന ‘ഫെസ്റ്റിവൽ ഓഫ് ഇൻസ്പിരേഷനെ’ക്കുറിച്ചുള്ള പുതിയ വിവരങ്ങളും ബ്രഹ്മവിഹാരിദാസ് പങ്കിട്ടു. ക്ഷേത്രത്തിന്റെ നിർമാണം 50 ശതമാനത്തിലേറെ പൂർത്തിയായി. ക്ഷേത്രം ഫെബ്രുവരി 14-ന് തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

മോദിയുടെ ആരോഗ്യം, ജ്ഞാനപൂർവകമായ നേതൃത്വം, പൊതുസമൂഹം എന്നിവയ്‌ക്ക് മഹന്ത് സ്വാമി മഹാരാജിൽ നിന്നുള്ള ആശംസകളും ബ്രഹ്മവിഹാരിദാസ് മോദിക്ക് കൈമാറി. അബുദാബിയിൽ ക്ഷേത്രം പണിയുന്ന സംഘടനയായ ബാപ് സ് സ്വാമിനാരായണൻ സൻസ്തയുടെ ആത്മീയ തലവനാണ് സ്വാമി മഹാരാജ്.

ഇന്ത്യൻ പ്രധാനമന്ത്രി വലിയ താത്പര്യത്തോടെയാണ് വിവരങ്ങൾ ശ്രവിച്ചതെന്നും ബാപ് സ് സന്ന്യാസിമാരുടെയും സന്നദ്ധപ്രവർത്തകരുടെയും ആഗോള നന്മയ്ക്കുവേണ്ടിയുള്ള സാർവത്രിക സാമൂഹിക, സാംസ്കാരിക, ആത്മീയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചതായും പ്രസ്താവനയിൽ പറഞ്ഞു. മോദി തന്റെ പ്രാർത്ഥനകളും ആശംസകളും അറിയിച്ചു.

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാർദത്തിന്റെയും ദീപശിഖയായി വാഴ്ത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ അബുദാബി ക്ഷേത്രത്തിന്റെ 3ഡി പ്രിന്റഡ് മാതൃക മോദിക്ക് സമ്മാനിച്ചു. നേരത്തെ മാർച്ചിൽ നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാൻ സമാനമായ യോഗം ചേർന്നിരുന്നു