ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു, നസ്രിയ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ ഫഹദ്. കുട്ടി ആയിരിക്കുമ്പോള്‍ തന്നെ അവതാരകയായി മലയാളികള്‍ക്ക് മുന്നില്‍ എത്തിയ താരമാണ് നസ്രിയ. പിന്നീട് സിനിമയിലുമെത്തി. ബബാല താരമായി സിനിമയില്‍ എത്തിയ നടി പിന്നീട് നായികയായി മാറുകയായിരുന്നു. നായിക നടിയായി തിളങ്ങി നില്‍ക്കവെയാണ് ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം നടക്കുന്നത്.

വിവാഹ ശേഷം അഭിനയത്തില്‍ നിന്നും താത്കാലിക അവധി എടുത്തിരിക്കുകയായിരുന്നു നടി. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നടി വിവാഹത്തിന് ശേഷം അഭിനയിച്ചത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നസ്രിയ. പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസം നസ്രിയയുടെ ഇന്‍സ്റ്റദ്രാം പേജില്‍ പതിവില്ലാതെ ലൈവ് കണ്ട് ആരാധകര്‍ ഞെട്ടി. തിങ്കളാഴ്ച രാത്രിയോടെ ആണ് നസ്രിയ ഫഹദ് ഗോയിങ് ലൈവ് എന്ന് നോട്ടിഫിക്കേഷന്‍ പലര്‍ക്കും ലഭിച്ചത്. എന്നാല്‍ അപ്പോഴേ പലരും അഭിപ്രായപ്പെട്ടിരുന്നു അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കാമെന്ന്. ഇപ്പോള്‍ അക്കൗണ്ടിന് എന്ത് സംഭവിച്ചുവെന്ന് വ്യക്തമാക്കി നസ്രിയ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

തന്റെ ഇന്‍സ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ മറുപടി നല്‍കരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്. ‘ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലില്‍ നിന്നു വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയ എല്ലാവര്‍ക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,’ നസ്രിയ കുറിച്ചു.

ഇപ്പോള്‍ വിദേശത്താണ് നസ്രിയ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ നിന്നുള്ള ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി ഹാക്കര്‍മാര്‍ താരത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത്.