അഭിനയ കൊടുമുടി ഓർമ്മയായിട്ട് ഒരുവർഷം, അതുല്യ കലാകാരന്റെ ഓർമ്മയിൽ സിനിമ ലോകം

അതുല്യ കലാകാരൻ നെടുമുടി വേണു ഓർമ്മയായിട്ട് ഒരു വർഷം വർഷം. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും, കഥാപാത്രങ്ങൾ കൊണ്ടും ഇന്നും മലയാള സിനിമാ ലോകത്ത് മരണത്തെ അതിജീവിച്ചും ജീവിക്കുകയാണ് അദ്ദേഹം.. ആലപ്പുഴയിലെ നെടുമുടിയിൽ പികെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും അഞ്ച് മക്കളിൽ ഇളയവനായിട്ടായിരുന്നു വേണുവിന്റെ ജനനം. നെടുമുടി എൻഎസ്എസ് സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരിസ് സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലപ്പുഴ എസ് ഡി കോളജിൽ നിന്നും മലയാളസാഹിത്യത്തിൽ ബിരുദം നേടി. കോളജ് കാലം മുതൽ കല പ്രവർത്തനങ്ങളിൽ സജീവമായി. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങളിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് സിനിമയിലേക്ക് ചുവടുമാറ്റി.

വേണു വിവാഹം ചെയ്തത് ഒരേ നാട്ടുകാരിയെ തന്നെയായിരുന്നു. പ്രണയ വിവാഹമായിരുന്നു. വെയർഹൗസിങ് കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു വേണുവിന്റെ ഭാര്യ സുശീല. വിവാഹ ശേഷം ജോലി ഉപേക്ഷിച്ചു. ഉണ്ണി, കണ്ണൻ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.

ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു. ആഹാര കാര്യത്തിലൊക്കെ ശ്രദ്ധ പുലർത്തി. കരളിനെ കാൻസർ ബാധിച്ചപ്പോഴും പ്രതീക്ഷുണ്ടായിരുന്നു. മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല. കരൾ മാറ്റി വെക്കണമായിരുന്നു. കരൾ പകുത്ത് നൽകാൻ ഞാൻ തയ്യാറായിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ‘ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണവുമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി ഭാര്യ സുശീല അടുത്തിടെ പറഞ്ഞിരുന്നു

സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ദൂരദർശൻ പ്രതാപകാലത്ത് ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായി.
തകര, ഒരിടത്തെരു ഫയൽവാൻ, കള്ളൻ പവിത്രൻ, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിൻറെ നൂറുങ്ങുവെട്ടം, പാളങ്ങൾ, പഞ്ചാഗ്നി, വന്ദനം,ഹിസ് ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താ‍ഴ്, സുന്ദരകില്ലാടി, ചാർളി,നോർത്ത് 24 കാതം, ആണും പെണ്ണും തുടങ്ങി 500ഓളം ചിത്രങ്ങളിൽ വേഷമിട്ടു. 3 തവണ ദേശീയ പുരസ്കാരങ്ങളും 6 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഈ പ്രതിഭയം തേടിയെത്തി.