കോവിഡ്: സംസ്ഥാനത്ത് ഇന്ന് മുതൽ പുതിയ നിയന്ത്രണങ്ങൾ; കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ സർട്ടിഫിക്കറ്റുകൾ നിർബന്ധം

സംസ്ഥാനത്ത് പുതുക്കിയ കൊറോണ നിയന്ത്രണങ്ങൾ നിലവിൽ വന്നു. ഇന്ന് മുതൽ കടകളിലും മറ്റ് സ്ഥാപനങ്ങളിലും പ്രവേശിക്കാൻ വാക്‌സിൻ, ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റുകൾ നിർബന്ധമാക്കിയതാണ് പ്രധാന മാറ്റം. ഇന്ന് മുതൽ മുഴുവൻ കടകൾക്കും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കടകൾ, സൂപ്പർമാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, ബാങ്കുൾപ്പെടെയുളള ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കാണ് തുറക്കാൻ അനുമതിയുള്ളത്.

തുറസ്സായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നൽകാൻ അനുമതിയുണ്ട്. ഇവിടങ്ങളിൽ പ്രവേശിക്കണമെങ്കിൽ രണ്ട് ആഴ്ച മുൻപ് വാക്‌സിൻ എടുത്ത സർട്ടിഫേക്കറ്റോ, 72 മണിക്കൂറിനകം ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റോ വേണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായിരിക്കും. വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും, സിനിമാ തിയറ്ററുകൾക്കും തുറക്കാൻ അനുമതിയില്ല. ഹോട്ടലുകളിൽ പാഴ്‌സൽ നൽകാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഓപ്പൺ ഏരിയയിലും കാറുകളിലും പാർക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകൾക്ക് ഭക്ഷണം വിളമ്പാം

അതേസമയം ആർടിപിസിആർ നിർബന്ധമാക്കിയ സർക്കാർ നടപടി പൂർണമായും അംഗീകാരിക്കാനാകില്ലെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന കമ്മിറ്റി ഇന്ന് യോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.