പി ഡി പി നേതാവ് അബ്ദുൾ നാസർ മ​അ്​ദനിക്കെതിരായി പുതിയ തെളിവുകൾ ഉണ്ട് – കർണാടക.

ന്യൂഡൽഹി. പി ഡി പി നേതാവ് അബ്ദുൾ നാസർ മ​അ്​ദനി പ്രതിയായ ബംഗളൂരു സ്ഫോടനക്കേസിൽ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക അറിയിച്ചതിനെ തുടർന്ന് വിചാരണക്കോടതി, കേസിൽ അന്തിമവാദം കേൾക്കുന്നത് സുപ്രീം കോടതി സ്റ്റേചെയ്തു. മ​അ്​ദനി ഉൾപ്പടെയുള്ള 21 പ്രതികൾക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്നാണ് കർണാടക സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. ഫോൺകോൾ രേഖകൾ ഉൾപ്പടെയുള്ളവ പരിഗണിക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

വിഷയം പരിഗണിച്ച കോടതി വിചാരണക്കോടതി കേസിൽ അന്തിമവാദം കേൾക്കുന്നത് സ്റ്റേചെയ്തു. പുതിയ തെളിവുകൾ പരിഗണിക്കണോ എന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി അറിയിക്കുക യുണ്ടായി. കേസിൽ പുതിയ തെളിവുകൾ പരിഗണിക്കണമെന്ന ആവശ്യത്തെ കർണാടക ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. ഇതിനെതിരെയാണ് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

വിചാരണ പൂർത്തിയായ വേളയിൽ പുതിയ തെളിവുകൾ പരിഗണിക്കുന്നത് അനുവദിക്കാനാവില്ലെന്നു പ്രതികളുടെ അഭിഭാഷകർ വാദിച്ചു. തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ കുറ്റപത്രം പരിഗണിക്കുന്ന വേളയിൽ ഹാജകാക്കേണ്ടതായിരുന്നു എന്നും മ​അ്​ദനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിക്കുകയുണ്ടായി. വീണ്ടും തെളിവുകൾ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീണ്ടുപോകുന്നതിന് ഇടയാക്കുമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് പുതിയ തെളിവുകൾ സ്വീകരിക്കണോ വേണ്ടയോ എന്നകാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.