കൈവെട്ട് കേസ്, മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എൻഐഎ കോടതി

കൊച്ചി. കോളേജ് അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. കേസില്‍ രണ്ടാം പ്രതിയായ സജില്‍ മൂന്നാം പ്രതിയായ എംകെ നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവക്കാണ് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. കേസില്‍ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയാക്കിയ കോടതി ആറു പ്രതികള്‍ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.

കേസില്‍ പ്രതികള്‍ ഭീകരപ്രവര്‍ത്തനം നടത്തിയതായി തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. അതേസമയം രണ്ടാം ഘട്ട വിചാരണയിലെ പ്രതികളായ അഞ്ച് പേരെ കോടതി വെറുതേ വിട്ടു. മന്‍സൂര്‍, സുബൈര്‍, മുഹമ്മദ് റാഫി, ഷഫീഖ്, അസീസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. അതേസമയം ഇവരുടെ പങ്ക് തെളിയിക്കുവാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു. കേസിലെ ഒന്നാം പ്രതി സവാദ് ഒളിവാലാണ്.

2010ലാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകനായ ടിജെ ജോസഫിനെ പ്രതികള്‍ അക്രമിച്ചത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയതില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ഒന്നാംഘട്ട വിചാരണ നേരിട്ടവരില്‍ 13 പേരെ കോടതി ശിക്ഷിച്ചിരുന്നു. കേസില്‍ 2015ന് ശേഷം പിടികൂടിയ 11 പേരുടെ വിചാരണയാണ് രണ്ടാംഘട്ടത്തില്‍ നടത്തിയത്.