ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു, നിമിഷ സജയന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയന്‍. വളരെ കുറഞ്ഞ കരിയറിനുള്ളില്‍ ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ താരം അവതരിപ്പിച്ചു കഴിഞ്ഞു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ വെള്ളിത്തിരയില്‍ എത്തുന്നത്. ഇപ്പോള്‍ സിനിമയുടെ ആദ്യ ഓഡിഷന് തന്നെ ഒഴിവാക്കിയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. മലയാളം നന്നായി അറിയാത്തതു കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിമിഷ പറയുന്നു.

ആദ്യം ഒഴിവാക്കിയ തന്നെ പിന്നീട് വീണ്ടും വിളിച്ചാണ് തനിക്ക്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ ശ്രീജയുടെ റോള്‍ തന്നതെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിമിഷ ആദ്യ സിനിമാനുഭവത്തെ കുറിച്ച് സംസാരിച്ചത്.

എറണാകുളത്ത് ഓഡിഷന് വന്നപ്പോള്‍ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. പക്ഷേ, അവര്‍ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോള്‍ ക്യാമറാമാന്‍ രാജീവ് രവിയും തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനും തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്, സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍. നിമിഷ വ്യക്തമാക്കി.