നിതിന്റെ മുഖം അവസാനമായി കണ്ടത് സെക്കൻഡുകൾ മാത്രം, വീൽചെയറിൽ മോർച്ചറിക്കരികിലെത്തിയ ആതിര കണ്ടു നിന്നവർക്കും വിങ്ങലായി മാറി

പ്രിയതമന്റെ ചേതനയറ്റശരീരം കണ്ട് ആതിര പൊട്ടിക്കരഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ആതിര നിതിനെ അവസാനമായി ഒന്ന് കാണാൻ വീൽചെയറിൽ മോർച്ചറിക്കരികിലെത്തിയത്. ഡോക്ടർമാരുടെ സംഘം ഐസിയുവിൽ എത്തി നിതിൻറെ വിയോഗ വാർത്ത അറിയിച്ചത്തോടെ കൺമണിയെ ചേർത്ത്പിടിച്ച്‌ നെഞ്ചുപൊട്ടുന്ന വേദനയോടെ അവൾ ഒരു നിമിഷം മൗനമായിരുന്നു. മരണവാർത്ത അറിഞ്ഞപ്പോൾ നിതിനെ അവസാനമായി ഒരു നോക്കു കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. അതനുസരിച്ചാണ് ആശുപത്രിയിലെത്തിച്ച് ആതിരയെ ആദ്യം മൃതദേഹം കാണിച്ചത്. ആതിരയ്ക്കൊപ്പം ഡോക്ടർമാരും ഉണ്ടായിരുന്നു. രണ്ട് മിനിറ്റ് മാത്രമാണ് ആതിരയെ മൃതദേഹം കാണിച്ചത്.

പൊട്ടികരഞ്ഞു കൊണ്ടാണ് ആതിര മൃതദേഹത്തിന് മുന്നിലിരുന്നത്. ആതിരയെ മൃതദേഹം കാണിച്ച ശേഷം സ്വദേശമായ കോഴിക്കോട് പേരാമ്പ്രയിലേക്ക് നിതി ൻറെ മൃതദേഹം കൊണ്ടുപോയി . രണ്ടുദിവസം മുമ്പാണ് ദുബായിലെ താമസ സ്ഥലത്ത് നിതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

രാവിലെയാണ് നിതിൻറെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്ബാശ്ശേരി എയർപോർട്ടിൽ നിന്ന് റോഡ് മാർഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിൽ എത്തിക്കുകയായിരുന്നു. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ചതിനു ശേഷം പേരാമ്പ്രയിലെ വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. വൈകീട്ടാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്.

കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇന്‍കാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിധിന്റെ ഭാര്യ ആതിരയെ മുന്‍നിര്‍ത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂര്‍ണമായ നിലപാടെടുത്തതോടെ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗര്‍ഭിണികള്‍ക്കാണ് നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.

ഏഴ് മാസം ഗര്‍ഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് അന്ന് നിതിന്‍ പറഞ്ഞിരുന്നു. പ്രത്യേക വിമാന സര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ വിമാനത്തില്‍ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടില്‍ പോകാന്‍ നിധിനും അനുമതി ലഭിച്ചിരുന്നെങ്കിലും അത് മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.