അന്ന് എന്നെ കണ്ടിട്ട് ആര്‍ക്കും മനസിലായില്ല, പഴയകാല അനുഭവം പറഞ്ഞ് നിത്യ ദാസ്

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നിത്യ ദാസ്. ഈ പറക്കും തളിക എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സിനിമയില്‍ എത്താനുള്ള ഭാഗ്യവും നിത്യയ്ക്ക് ലഭിച്ചു. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സിനിമയില്‍ നിന്നും അവധിയെടുത്തിരിക്കുന്ന നിത്യ തമിഴ് ടിവി പരമ്പരകളില്‍ ശ്രദ്ധേയയാണ്.

ബസന്തി എന്ന നാടോടി പെണ്‍കുട്ടിയുടെ ഗെറ്റപ്പിലാമ് ഈ പറക്കും തളികയില്‍ നിത്യ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ചിത്രത്തിന്റെ പാതിയില്‍ യഥാര്‍ത്ഥ ഗെറ്റപ്പില്‍ എത്തുന്നു. ഇപ്പോള്‍ ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നിത്യ ദാസ്. സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴാമ് നിത്യ തന്റെ മനസ് തുറന്നത്.

”സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണ്, അതും നായികയായിട്ട് എന്ന് പറഞ്ഞാണ് നാട്ടില്‍ നിന്നും പോയത്. അവിടെ ചെന്നപ്പോള്‍ ആദ്യം ഇടുന്നത് ആ മേക്കപ്പ് ആയിരുന്നു. അതിന് ശേഷം ഞാന്‍ നാട്ടിലെ ആരേയും വിളിച്ചിട്ടില്ല. മേക്കപ്പ് ചെയ്ത് കഴിഞ്ഞ് അവര്‍ പോകുമ്പോള്‍ ഞാന്‍ ടിഷ്യൂ പേപ്പര്‍ എടുത്ത് കുറച്ച് തുടച്ചു വെക്കുമായിരുന്നു. തീയേറ്ററില്‍ റിലീസ് ദിവസം സിനിമ കാണാന്‍ ധാരാളം പേരുണ്ടായിരുന്നു. അവര്‍ക്കൊന്നും എന്നെ മനസിലാകുന്നില്ലായിരുന്നു. ഞാന്‍ അവരെ നോക്കുന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ ആരും എന്നെ നോക്കിയിരുന്നില്ല. പിന്നെ സിനിമ കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് അവര്‍ക്ക് എന്നെ മനസിലായത്”- നിത്യ പറഞ്ഞു.

ഈ പറക്കും തളികയ്ക്ക് ശേഷം നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, കഥാവശേഷകന്‍, സൂര്യ കിരീടം എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ നിത്യ അഭിനയിച്ചു. 2007ല്‍ പുറത്തെത്തിയ സൂര്യ കിരീടത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു നടി. പഞ്ചാബിയായ അരവിന്ദ് സിങ് ജാംവാല്‍ ആണ് നിത്യയുടെ കഴുത്തില്‍ മിന്നുകെട്ടിയത്. 2005ലെ ഒരു വിമാന യാത്രയ്ക്ക് ഇടെയാണ് നിത്യയും അരവിന്ദും പരിചയത്തിലാകുന്നത്. നിത്യ യാത്ര ചെയ്തിരുന്ന വിമാനത്തിലെ ക്രൂ മെമ്പര്‍മാരില്‍ ഒരാളായിരുന്നു അരവിന്ദ്. ഈ പരിചയം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. കശ്മീരില്‍ താമസിച്ചിരുന്ന നിത്യയും കുടുംബവും ഇപ്പോള്‍ കോഴിക്കോട് സ്ഥിരതാമസമാക്കിയിരിക്കുകയാണ്.