നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം: തുഷാരയും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ ആക്രമിച്ചെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടത്തിയ തുഷാരയും ഭര്‍ത്തവും അറസ്റ്റില്‍. തുഷാരയുടെ ഭര്‍ത്താവ് അജിത്ത് കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സംഭവം വിവാദമായതോടെ ഇരുവരും ഒളിവില്‍ പോയിരുന്നു. റെസ്റ്റോറന്റ് ആക്രമണക്കേസില്‍ രണ്ട് പേരെ മുന്‍പ് പോലീസ് പിടികൂടിയിരുന്നു.

തുഷാരയും സംഘവും ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ റെസ്റ്റോറന്റില്‍ നടത്തിയത് സംഘടിത ആക്രമണമാണെന്നും, നോണ്‍ ഹലാല്‍ ബോര്‍ഡ് വച്ചതിന് യുവാക്കള്‍ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തുകയായിരുന്നു എന്നും പോലീസ് കണ്ടെത്തി. ഇന്‍ഫോപാര്‍ക്കിന് സമീപം ചില്‍സേ ഫുഡ് സ്‌പോട്ട് എന്ന ഫുഡ് കോര്‍ട്ടില്‍ കട നടത്തുന്ന നകുല്‍, സുഹൃത്ത് ബിനോജ് ജോര്‍ജ് എന്നിവരെയാണ് തുഷാരയും സംഘവും ആക്രമിച്ചത്.

ഫുഡ് കോര്‍ട്ടില്‍ ബോംബേ ചാട്ട്, ബേല്‍പൂരി എന്നിവ വില്‍ക്കുന്ന നകുലിന്റെ പാനിപൂരി സ്റ്റാള്‍ തുഷാരയും സംഘവും പൊളിച്ചുമാറ്റിയിരുന്നു. ഇത് ചോദ്യം ചെയ്ത നകുലിനെയും ബിനോജ് ജോര്‍ജിനെയും ഇവര്‍ ആക്രമിക്കുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ഫുഡ് കോര്‍ട്ടിലെ കടയില്‍ തനിക്ക് അവകാശമുണ്ടെന്ന് പറഞ്ഞായിരുന്നു തുഷാര ആക്രമണം നടത്തിയത്. എന്നാല്‍, ഫുഡ് കോര്‍ട്ടിന്റെ ഉടമസ്ഥതയെയും നടത്തിപ്പിനെയും സംബന്ധിച്ച്‌ കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിനു പിന്നാലെ, പ്രശ്നത്തെ വര്‍ഗീയ വത്കരിക്കാനും തുഷാര ശ്രമം നടത്തി.