ആൾക്കൂട്ടത്തിൽ ഇനിയില്ല, ഉമ്മൻ ചാണ്ടിക്ക് വിടനൽകി കേരളം

കോട്ടയം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വിടനൽകി രാഷ്ട്രീയ കേരളം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്ന പുതുപ്പള്ളി പള്ളിയിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.  പുതുപ്പള്ളിയിൽ ആദ്യം അദ്ദേഹത്തിന്റെ കുടുംബ വീട്ടിലും പിന്നീട് അദ്ദേത്തിന്റെ നിർമാണത്തിൽ ഇരിക്കുന്ന വീട്ടിലും പൊതു ദർശനം നടത്തി. ഇവിടെ നടത്തിയ പാർഥനകൾക്ക് ശേഷം കാൽനടയായി പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വലിയ പള്ളിയിൽ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. പുതുപ്പള്ളിക്കും ഇടവകയ്ക്കും നൽകി സേവനത്തോടുള്ള ആദര സൂചകമായിട്ടാണ് ഉമ്മൻ ചാണ്ടിക്ക് പ്രത്യേക കല്ലറയൊരുക്കാൻ ദേവാലയ അധികൃതർ തീരുമാനിച്ചത്. പള്ളിയുടെ കിഴക്ക് വശത്ത് വൈദികരുടെ കല്ലറയോട് ചേർന്നാണ് ഉമ്മൻ ചാണ്ടിക്കും കല്ലറ ഒരുക്കിയത്.

തൊണ്ടയിടറുന്ന മുദ്രവാക്യം വിളികളുടെയും വിലാപഗാനത്തിന്റെയും അകമ്പടിയോടെ ഉമ്മന്‍ ചാണ്ടിയുടെ ഭൗതിക ശരീരം പുതുപ്പള്ളി പള്ളിയില്‍ എത്തിച്ചത്. ഔദ്യോഗിക ബഹുമതികള്‍ ഒന്നും വേണ്ടന്ന് കുടുംബം പറഞ്ഞെങ്കിലും ദേശീയ പതാക പുതപ്പിച്ചാണ് അദ്ദേഹത്തെ പള്ളിയിലേക്ക് എത്തിച്ചത്. പ്രിയപ്പെട്ട നേതാവിനെ കാണാൻ പതിനായിരങ്ങളാണ് പുതുപ്പള്ളിയിൽ എത്തിയത്. ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരചടങ്ങിൽ രാഹുൽ ഗാന്ധിയും കർദിനാൾ മാർ ആലഞ്ചേരിയും അടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.

തിരുനക്കരയിൽ നിന്നും തിരക്കുകാരണം പുതുപ്പള്ളിയിലേക്ക് യാത്ര മണിക്കൂറുകളോളും വൈകുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ പുറപ്പെട്ട വിലാപയാത്ര വൈകിയാണ് തറവാട്ട് വീട്ടിൽ എത്തിയത്. പിന്നീട് അദ്ദേഹത്തിന്റെ നിർമാണത്തിൽ ഇരിക്കുന്ന വീട്ടിലും എത്തിച്ച് പ്രാർഥന ചടങ്ങുകൾ നടത്തി. കോട്ടയത്തിന്റെ മണ്ണിൽ തിരുനക്കരയിൽ വിലാപയാത്ര എത്തിയപ്പോൾ സമയം 11 മണിയായിരുന്നു.

സിനിമാ താരങ്ങളായ സുരേഷ് ഗോപി, മമ്മൂട്ടി, ദിലീപ്, കുഞ്ചാക്കോ ബോബൻ എന്നിവരടക്കം എത്തിയിരുന്നു. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ എംസി റോഡിന് ഇരുവശവും ജനസാഗരം കാത്തുനിൽക്കുകയായിരുന്നു. തിരുവനന്തപുരത്ത് നിന്നും വിലാപയാത്ര 28 മണിക്കൂർ എടുത്താണ് തിരുനക്കരയിൽ എത്തിയത്. ഉമ്മൻ ചാണ്ടി ആരായിരുന്നുവെന്നതിന് ജനങ്ങൾ നൽകിയ ബഹുമതിയാണ് ഈ വൈകാരികമായ യാത്രയയപ്പ്. 1970 മുതൽ തുടർച്ചയായി 12 തവണ 53 വർഷം പുതുപ്പള്ളി എംഎൽഎയായിരുന്നു ഉമ്മൻ ചാണ്ടി.