ക്ഷേത്ര ഭരണസമിതികളിൽ രാഷ്ട്രീയക്കാര്‍ വേണ്ട, നിർണായക ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി. ക്ഷേത്ര ഭരണസമിതികളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നത് വിലക്കി ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മലബാര്‍ ദേവസ്വത്തിന് കീഴിലെ ഒറ്റപ്പാലം ക്ഷേത്ര ഭരണസമിതിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തിയതിനെതിരായ ഹര്‍ജിയിലാണ് ഭരണഘടനാ അനുശാസിക്കുന്ന ഉത്തരവ്.

മലബാര്‍ ദേവസ്വം ബോഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും ഭരണസമിതിയില്‍ സജീവരാഷ്ട്രീയ പ്രവര്‍ത്തകരെ നിയമിക്കരുതെന്നും ഉത്തരവിൽ ഹൈക്കോടതി പ്രതേകം പറഞ്ഞിട്ടുണ്ട്. ഒറ്റപ്പാലം ക്ഷേത്ര ഭരണ സമിതി അംഗങ്ങളായി സിപിഎം, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശോക് കുമാര്‍, രതീഷ്, പങ്കജാക്ഷന്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് ഹൈകോടതി കണ്ടെത്തുകയുണ്ടായി.

ഡിവൈഎഫ്‌ഐ രാഷ്ടീയ സംഘടനയല്ലെന്ന എതിര്‍കക്ഷികളുടെ തെറ്റായ വാദം തളളി കൊണ്ടാണ് കോടതിയുടെ ഉത്തരവ് എന്നതാണ് ശ്രദ്ധേയം. പുക്കോട്ട് കാളിക്കാവ് പാരമ്പര്യേതര ട്രസ്റ്റി നിയമനത്തില്‍ മലബാര്‍ ദേവസ്വം ബോഡിന്റെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.